ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു. അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ സംരക്ഷകനും ഗുണഭോക്താവുമാണ് നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിഷേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അഗസ്തയുമായുള്ള ബന്ധം ഒളിച്ചുവെക്കാന്‍ നടത്തുന്ന കരച്ചിലാണ് പ്രധാനമന്ത്രിയുടേതെന്നും രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ മിസ്സിസ് ഗാന്ധി എന്ന് പരാമര്‍ശിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് കോടിതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏത് ഗാന്ധിയെന്നും, ഏത് സാഹചര്യത്തിലാണ് പരാമര്‍ശമെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നില്ല. പരാമര്‍ശം സോണിയ ഗാന്ധിയെ ഉദ്ദേശിച്ചാണ് എന്നാണ് ബി.ജെ.പി ആരോപണം. ഇതിനുള്ള മറുപടിയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല നല്‍കിയത്. അഗസ്തയുടെ സംരക്ഷകനായ പ്രധാനമന്ത്രിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയ പരിഭ്രമമാണെന്നും സുര്‍ജ്ജേവാല പറഞ്ഞു.