X
    Categories: Video Stories

ഓസ്‌ട്രേലിയക്കാര്‍ ക്ഷമ കൈവിട്ടില്ല; റാഞ്ചി ടെസ്റ്റ് സമനിലയില്‍

റാഞ്ചി: രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ മുഴുവനായും പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിയാതിരുന്നതോടെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് ജയിക്കാന്‍ എട്ട് വിക്കറ്റ് കൂടി ആവശ്യമായിരുന്നെങ്കിലും നാലു പേരെ പുറത്താക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാരയെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.

സ്‌കോര്‍ ചുരുക്കത്തില്‍: ഓസ്‌ട്രേലിയ 451, ഇന്ത്യ 603/6 ഡിക്ല. ഓസ്‌ട്രേലിയ 204/6.

ഒന്നാം ഇന്നിങ്‌സില്‍ 152 റണ്‍സ് ലീഡ് നേടിയ ഇന്ത്യ ഇന്നലെ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിലും ഇന്ന് ഓസ്‌ട്രേലിയക്കാര്‍ ക്ഷമയോടെ കളിച്ച് അപകടമൊഴിവാക്കുകയായിരുന്നു. കഠിന പ്രയത്‌നത്തിനൊടുവില്‍ മാറ്റ് റിന്‍ഷോയെയും (15) സ്റ്റീവന്‍ സ്മിത്തിനെും (21) പുറത്താന്‍ ഇന്ത്യക്കായെങ്കിലും ഷോണ്‍ മാര്‍ഷും (53) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും (72 നോട്ടൗട്ട്) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 124 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ കളിയുടെ വിധി എഴുതപ്പെട്ടിരുന്നു. മാര്‍ഷ് 197 പന്തും ഹാന്‍ഡ്‌സ്‌കോംബ് 200 പന്തും നേരിട്ടു. രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തു.

അടുത്ത ശനിയാഴ്ച ധര്‍മശാലയിലാണ് പരമ്പരയിലെ അവസാന മത്സരം. ഓരോ മത്സരം വീതം ജയിച്ച് ഇരുടീമുകളും 1-1 നിലയിലാണിപ്പോള്‍. ആ മത്സരവും സമനിലയില്‍ അവസാനിച്ചാല്‍ ഓസീസിന് ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: