റാഞ്ചി: ഝാര്‍ഖണ്ഡില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ ക്രൂരമായി ആക്രമിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. അക്രമം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. ഇതിനിടെ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന ആക്ഷേപം ശക്തമായി. അതിനിടെ അക്രമം നടന്നിട്ടും പൊലീസില്‍ അറിയിക്കാതിരുന്നതില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മനുഷ്യകടത്തിനെതിരെ തെരുവു നാടകം നടത്തി കൊണ്ടിരുന്ന ആശ കിരണ്‍ എന്ന സംഘടനയിലെ അഞ്ച് സ്ത്രീകളെയാണ് തട്ടികൊണ്ടു പോയ ശേഷം തോക്കു ചൂണ്ടി ബലാത്സംഗം ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം കോചങ് ബ്ലോക്കിലെ ആര്‍സി മിഷന്‍ സ്‌കൂളിനു സമീപം തെരുവ് നാടകം നടത്തി കൊണ്ടിരുന്ന 11 അംഗ സംഘത്തെയാണ് ആയുധധാരികള്‍ ആക്രമിച്ചത്. മനുഷ്യകടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയിലെ അംഗങ്ങളാണ് അക്രമത്തിന് ഇരയായത്. മിഷണറി സ്‌കൂളില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതികളെ കാറില്‍ തട്ടികൊണ്ടു പോയി മാനഭംഗപ്പെടുത്തിയ ശേഷം വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പുരുഷന്മാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം.
സ്‌കൂള്‍ മേധാവി ഫാ.അല്‍ഫോന്‍സോ അലൈന്‍, അധ്യാപകരായ മോന്റ മുന്ദു, റോബര്‍ട്ട് ഹന്‍സ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പീഡനവിവരം അറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിനാണ് ഇവരെ പിടികൂടിയത്. പിടികൂടിയവരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ശക്തമായ തെളിവുകള്‍ ലഭിച്ചതായും ഝാര്‍ഖണ്ഡ് പൊലീസ് മേധാവി ആശിഷ് ബാത്ര പറഞ്ഞു. കൃത്യവുമായി നേരിട്ടു ബന്ധമുള്ള നാല് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാല് മുതല്‍ ആറ് പേര്‍ വരെയാണ് ക്രൂരതയ്ക്ക് പിന്നിലെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഗ്രാമവാസികളുടെ സഹായം തേടിയതായും പൊലീസ് വ്യക്തമാക്കി. ഗോത്രവര്‍ഗക്കാര്‍ ഏറെയുള്ള പ്രദേശമാണിത്. ഇവരോട് അടുപ്പമുള്ളവരാണ് ക്രൂര പീഡനത്തിനിരയായത്. പീഡനത്തിന് ഇരയായവരില്‍ നിന്ന് കൂടുതല്‍ തെളിവുകളും വിവരങ്ങളും ശേഖരിക്കേണ്ടിയിരിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചു വിട്ട് ഗ്രാമസഭകള്‍ക്ക് സ്വയം ഭരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന വിഘടനവാദി സംഘമായ പത്തേല്‍ഗഡികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സമീപത്തെ സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.