X

റാണാ അയ്യൂബിനെ പങ്കെടുപ്പിക്കരുതെന്ന്  ഇന്ത്യന്‍ എംബസി;  കലാം ജന്മദിന ചടങ്ങ് നിര്‍ത്തിവെച്ചു

അശ്‌റഫ് തൂണേരി/ദോഹ:

പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്‍വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് ഖത്തര്‍ ഇന്ത്യന്‍  എംബസി നിര്‍ദ്ദേശം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട് (ഐ എ ബി) നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് ഐ സി സി അശോകാഹാളില്‍ ചേരേണ്ടിയിരുന്ന ഡോ. എ പി ജെ അബ്ദുല്‍കലാം എണ്‍പത്തിയഞ്ചാമത് ജന്മദിനാചരണ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അവര്‍. പക്ഷെ റാണയെ പങ്കെടുപ്പിക്കാതെ ചടങ്ങ് നടത്തണമെന്ന് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന്  ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് ഉദ്ദേനിയ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഭാരവാഹികളെ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് റാണാ അയ്യൂബില്ലാതെ പരിപാടി നടത്തേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു.  ഇന്ത്യന്‍ നേതാക്കളെ അധിക്ഷേപിച്ചു എന്ന കാരണം പറഞ്ഞാണ് റാണയെ പങ്കെടുപ്പിച്ചു പരിപാടി നടത്തരുതെന്ന് നിര്‍ദേശം ലഭിച്ചതെന്ന് ഒരു ഐസിസി മാനേജിങ് കമ്മിറ്റി അംഗം ‘മിഡിലീസ്റ്റ് ചന്ദ്രിക’യോട് പറഞ്ഞു. ഇക്കാര്യം ഇ-മെയില്‍ മുഖേന രേഖാമൂലം  അറിയിക്കണമെന്ന്   ഐ സി സി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും എംബസി പ്രതിനിധി നിരസിക്കുകയായിരുന്നുവത്രെ.

ദിവസങ്ങള്‍ക്ക് മുമ്പേ  അബൂഹമൂറിലെ ഐ സി സി അശോകാഹാള്‍ ബുക് ചെയ്ത് പ്രചാരണ പരിപാടികളുമായി ഐ എ ബി മുന്നോട്ടുപോയിരുന്നു. മാത്രമല്ല വിവിധ സാമൂഹ്യ മാധ്യമങ്ങളിലും പരിപാടിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു.  ചടങ്ങിന്റെ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ റാണ അയ്യൂബും പോസ്റ്റ് ചെയ്യുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരയാവരാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി നേതാവ് അമിത് ഷായുമെന്ന് ഗുജറാത്തിലെ വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ തന്റെ പുസ്തകത്തില്‍ റാണാ വ്യക്തമാക്കുന്നുണ്ട്. ഇതാവാം ചടങ്ങില്‍ നിന്ന് അവരെ വിലക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഒക്‌ടോബര്‍ 21 വെള്ളിയാഴ്ച യു എ ഇയില്‍ നടന്ന ചടങ്ങില്‍ റാണാ അയ്യൂബ് പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

ഗുജറാത്തിലെ വംശഹത്യയുടെ നേരുകള്‍ അന്വേഷണാത്മകമായി വെളിപ്പെടുത്തുന്ന  ‘ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്’ എന്ന റാണയുടെ രചന പരിപാടിയില്‍ പ്രകാശിപ്പിക്കുകയും ചെയ്തു. ഷാര്‍ജ ഹോളിഡേ ഇന്‍ര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ കാഷിഫുല്‍ ഹുദ, ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അശോക് ചൗധരി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തതായി സംഘാടകരായ അലീഗഢ് മുസ്‌ലിം സര്‍വ്വകലാശാല അലുംനി അറിയിച്ചു. ഗള്‍ഫിലെ മറ്റൊരു രാജ്യത്തുമില്ലാത്ത വിധം ഖത്തറില്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്നുണ്ടായ ഇത്തരമൊരു വിലക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു.

പക്ഷെ തങ്ങള്‍ ചടങ്ങ് നിര്‍ത്തിവെച്ചതിന്റെ കാരണം പറയാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട് പ്രസിഡന്റ് സജാദ് ആലം ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോടുള്ള പ്രതികരണം. ദോഹയിലെത്തിയ റാണാ അയ്യൂബിന്റെ പ്രത്യേക അഭിമുഖം ഒക്‌ടോബര്‍ 23-ന് ഉച്ചയ്ക്ക് അല്‍ജസീറാ ചാനല്‍ സംപ്രേഷണം ചെയ്തു. ലൈവ് അഭിമുഖത്തിനിടെ തനിക്ക് വ്യക്തിപരമായും മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും ഭീഷണിയും നിരോധവും തുടരുന്നുണ്ടെന്നും ഏറ്റവും ഒടുവില്‍ ഖത്തറില്‍ വിലക്കുണ്ടായെന്നും അവര്‍ തുറന്നടിച്ചു.

”ഇന്ത്യയില്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും അധികാരികളുമെല്ലാം തന്നെ അവഗണിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി എന്റെ ഫോണ്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറേക്കാലമായി സ്ഥിരവരുമാനമോ ജോലിയോ ഇല്ലാത്ത എന്നോട് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ളവര്‍ വിളിച്ചുചോദിക്കുന്നത് എത്ര പണം ബാങ്കിലുണ്ടെന്നാണ്. മോദി ഭരണകൂടം തന്നെ നിരന്തരം വേട്ടയാടുകയാണ്. ഇപ്പോള്‍ ഖത്തറിലും അത് സംഭവിച്ചു. ഞാന്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് ഇന്ത്യന്‍ എംബസി ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയുണ്ടായി.’‘ റാണാ അയ്യൂബ് വിശദീകരിച്ചു.

chandrika: