ദോഹ: ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയേയും പൊലീസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയമായി സ്വാധീനിച്ച് തങ്ങള്‍ പ്രതികളല്ലെന്ന പ്രചാരണം നടത്തിയാല്‍ ഇല്ലാതാവുന്നതല്ല അമിത്ഷായുടേയും രേന്ദ്രമോദിയുടേയും ഗുജറാത്ത് കലാപത്തിലെ പങ്കെന്ന് പ്രമുഖ ഇന്ത്യന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തക റാണാ അയ്യൂബ്. അല്‍ജസീറാ ചാനലുമായി സമംസാരിക്കുകയായിരുന്നു അവര്‍. തങ്ങള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ എന്ന ന്യായവാദം ഉന്നയിക്കാം. പക്ഷെ യാഥാര്‍ത്ഥ്യം മറിച്ചാണ്. പുനരന്വേഷണം നടത്തിയാല്‍ സത്യം വെളിപ്പെടും.
താന്‍ ജോലി ചെയ്ത മാഗസിന്‍ പോലും സത്യസന്ധമായി ഗുജറാത്ത് പരമ്പര പ്രസിദ്ധീകരിക്കാന്‍ സന്നദ്ധമാവാത്ത തരത്തില്‍ കോര്‍പ്പറേറ്റ് ലോബിയിംഗ് ഇന്ത്യന്‍ മാധ്യമരംഗത്ത് നടക്കുകയാണ്. കലാപത്തിനിരയായ പലരുമായും നേരില്‍ സംസാരിക്കുകയും സാക്ഷികളായവരേയും ഉദ്യോഗസ്ഥരേയും കാണുകയും ചെയ്തിട്ടുണ്ട്. ഇവര്‍ പറഞ്ഞ സത്യങ്ങളാണ് പുറംലോകത്തെ അറിയിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ പല പ്രസാധകന്മാരേയും പത്രസ്ഥാപനങ്ങളേയും സമീപിച്ചിരുന്നു. ആരും തയ്യാറാവാതെ വന്നപ്പോള്‍ സ്വയം പ്രസിദ്ധീകരിക്കുകയായിരുന്നു. തന്നെ കോണ്‍ഗ്രസ്സുകാരിയായി ആക്ഷേപിച്ചാല്‍ സത്യം ഇല്ലാതാവില്ലെന്നും താന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും ഭാഗമല്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അവര്‍ വ്യക്തമാക്കി. തന്റെ മുസ്‌ലിം സ്വത്വമാണ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ഇന്ത്യയിലെ ദലിതുകളേക്കുറിച്ചും താഴ്ന്ന ജാതിക്കാരേക്കുറിച്ചും സിഖുകാരെക്കുറിച്ചുമെല്ലാം ഞാനെഴുതിയിട്ടുണ്ട്. മറ്റു പല അസമത്വങ്ങള്‍ക്കെതിരെയും പ്രതികരിച്ചിട്ടുണ്ട്. പക്ഷെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം മുസ്‌ലിം സ്വത്വം പുറത്തുവരികയാണ്. ജിഹാദിയെന്നും പാക്കിസ്ഥാനിയെന്നും വിളിക്കുന്നു. മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന എനിക്ക് ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളിലാണ് വിശ്വാസം. ഇന്ത്യയിലെ സാധാരണക്കാര്‍ വിഭജനം ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വിശദീകരിച്ചു. ഗുജറാത്തിലെ വംശഹത്യ തെളിവു സഹിതം അവതരിപ്പിക്കുന്ന രചനയായ ‘ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്’ പുസ്തകം ഇന്ത്യയിലും ബ്രിട്ടനിലും റിലീസ് ചെയ്തു കഴിഞ്ഞു. 2016 ബെസ്റ്റ് സെല്ലറുകളിലൊന്നായി മാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.