X

സംസാരം വെള്ളിയാണെങ്കില്‍ മൗനം സ്വര്‍ണമാണെന്ന ആപ്തവാക്യം- റമസാന്‍ ചന്ദ്രിക

സിദ്ദീഖ് നദ് വി ചേറൂര്‍

സംസാരം വെള്ളിയാണെങ്കില്‍ മൗനം സ്വര്‍ണമാണെന്ന ആപ്തവാക്യം പ്രസിദ്ധമാണ്. രണ്ടിന്റെയും നിലയും വിലയും മൂല്യവും വ്യക്തമാക്കാന്‍ വേണ്ടിയാണിത് ഉദ്ധരിക്കപ്പെടാറുള്ളത്. ഓരോരുത്തരും അവരവര്‍ക്ക് താല്‍പര്യമുള്ളതിനെ പൊക്കിപ്പറയുന്ന രീതി പൊതുവേ ഉണ്ടല്ലോ. ഇവിടെയും അത് തന്നെയാണ് സ്ഥിതി. അല്ലെങ്കില്‍ ഇവ രണ്ടില്‍ ഒന്നിന് നിരുപാധികം മുന്‍തൂക്കം നല്‍കുന്നതെങ്ങനെ?. ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ല വാക്ക് സംസാരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യട്ടെ.’ മൗനമാണോ മെച്ചം അതോ സംസാരമോ എന്ന ചോദ്യത്തിന് ഏറ്റവും ഉചിതവും കൃത്യമമായ മറുപടിയാണ് പ്രസിദ്ധമായ ഈ നബിവചനം. നല്ലത് സംസാരിക്കുക, അല്ലെങ്കില്‍ മൗനം പാലിക്കുക. സ്വന്തം നിലയ്ക്ക് ഒന്നിനും പ്രത്യേക സ്ഥാനമില്ല. അതേ സമയം പറയുന്നത് നല്ല കാര്യമാണെങ്കില്‍ അതില്‍ വലിയ പുണ്യമുണ്ട്. മോശം കാര്യം പറയാതിരിക്കാനാണ് മൗനമെങ്കില്‍ അതിലും മെച്ചം മറ്റൊന്നില്ല. നൂറ്റാണ്ടുകളായി പണ്ഡിതരും ദാര്‍ശനികരും തമ്മില്‍ വലിയ സംവാദങ്ങള്‍ നടന്ന വിഷയമാണിത്. പ്രമുഖ പണ്ഡിതനായ ശംസുദ്ദീന്‍ സഫാരീനിയുടെ നിലപാട് സംസാരമാണ് ശ്രേഷ്ഠമെന്നാണ്. കാരണം അതൊരു അണിയിക്കലാണ്. മൗനം ഒഴിവാക്കലാണ്. അണിയിക്കല്‍ ഒഴിവാക്കലിനേക്കാള്‍ മേത്തരമാണ്.

അതായത് സംസാരിക്കുന്നയാള്‍ക്ക് മൗനം പാലിക്കുന്നയാള്‍ക്ക് ലഭിക്കുന്ന നേട്ടവും അതിലപ്പുറവും ലഭിക്കും. കാരണം മൗനിക്ക് പരമാവധി ലഭിക്കുക സംസാരത്തിന്റെ ദൂഷ്യത്തില്‍ നിന്നുള്ള സുരക്ഷിതത്വമാണ്. അതേ സമയം നല്ല കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ക്ക് ആ സുരക്ഷിതത്വവും ഒപ്പം നല്ല സംസാരത്തിന്റെ പ്രതിഫലവും കൂടി ലഭിക്കുമല്ലോ.
പ്രമുഖ ദാര്‍ശനികനായ അഹ് നഫ് ബിന്‍ ഖൈസിന്റെ സദസില്‍ ഇത് സംബസിച്ച തര്‍ക്കം നടന്നു. ചിലര്‍ മൗനത്തെ പൊക്കിപ്പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ സംസാരത്തിന് പിന്‍ബലം നല്‍കി. അഹ് നഫ് പറഞ്ഞു സംസാരമാണ് ഉത്തമം. കാരണം. മൗനത്തിന്റെ മഹത്വം അതിന്റെ ഉടമയില്‍ ഒതുങ്ങുന്നു. നല്ല സംസാരത്തിന്റെ ഫലം അത് ശ്രവിക്കുന്നവരെയെല്ലാം സ്വാധീനിക്കുന്നു. ശൈഖ് ഇബ്‌നു തൈമിയ്യ പറഞ്ഞതാണ് ശരി. നല്ല കാര്യം സംസാരിക്കുക അതിനെ തൊട്ട് മൗനം പാലിക്കുന്നതിനേക്കാള്‍ നല്ലതാണ്. ചീത്ത കാര്യം പറയാതെ മൗനിയാകല്‍ അത് സംസാരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. അതാണ് തിരുനബി(സ) ആദ്യമേ പറഞ്ഞു വച്ചത്: നല്ലത് പറഞ്ഞു നേടുകയോ അല്ലെങ്കില്‍ മൗനം പാലിച്ചു രക്ഷപ്പെടുകയോ ചെയ്തവനെ അല്ലാഹു അനുഗ്രഹിക്കട്ടെ.( സഹീഹുല്‍ ജാമീ 3496) മൗനം പാലിച്ചവന്‍ രക്ഷപ്പെട്ടുവെന്ന നബിവചനത്തിന്റെ (തിര്‍മുദി 2501) പൊരുളും ഇത് തന്നെ.സംസാരം ഔഷധം പോലെയെന്നാണ് ചില ദാര്‍ശനികരുടെ വിലയിരുത്തല്‍.

ഔഷധം അല്‍പ്പം കഴിച്ചാല്‍ പ്രയോജനപ്പെടും. അതേ സമയം അമിതമായാല്‍ മാരകമാകും. ഇങ്ങനെയൊക്കെ ആണെങ്കിലും നാവ് വരുത്തുന്ന വിനകളിലേക്ക് നോക്കിയാല്‍ മൗനം എത്രയോ ഭേദമാണെന്ന് ആരും സമ്മതിക്കും.

 

Chandrika Web: