ഇസ്‌ലാബാദ്: റംസാനില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചുകൊണ്ട് പാകിസ്താനില്‍ നിയമം കൊണ്ടുവരുന്നതിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ബക്താര്‍ ഭൂട്ടോ. റംസാന്‍ മാസത്തില്‍ പൊതു സ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും അനിസ്‌ലാമികമാണെന്ന് നിഷ്‌കര്‍ഷിച്ചു കൊണ്ടുള്ള ബില്‍ നിയമമാക്കുന്നതിനെയാണ് ബക്താവര്‍ ഭൂട്ടോ ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചത്.
റംസാന്‍ മാസത്തില്‍ ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ച ഈ നിയമ ഭേദഗതി പ്രകാരം പൊതുസ്ഥലത്ത് ഭക്ഷണം വിളമ്പുകയോ കഴിക്കുകയോ ചെയ്താല്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് 500 മുതല്‍ 25000 രൂപ വരെ പിഴ ഈടാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. പാകിസ്താന്റെ സര്‍ക്കാറിന്റെ മതകാര്യ സമിതിയാണ് ഇതുസംബന്ധിച്ച ബില്ലിന് അംഗീകാരം നല്‍കിയത്.
ഈ നിയമം ഇസ് ലാമികമല്ല. ഈ നിയമം അന്യായമാണ്. റംസാന്‍ മാസത്തില്‍ എല്ലാവരും നോമ്പെടുക്കുന്നില്ല എന്ന കാര്യം പരിഗണിക്കാതെയാണ് നിയമം കൊണ്ടുവരുന്നത്. വിദ്യാലയങ്ങളില്‍ പോവുന്ന കുട്ടികളും പ്രായമായവരും രോഗമുള്ളവരും നോമ്പെടുക്കുന്നില്ല. ഇങ്ങനെയുള്ളവര്‍ പൊതുസ്ഥലത്തു വെച്ച് വെള്ളം കുടിച്ചാല്‍ അവരെ അറസ്റ്റ് ചെയ്യുമോ? ചൂടുകാലത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ ജനങ്ങള്‍ മരിക്കുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാവുകയെന്നും എല്ലാവര്‍ക്കും ഇതനുസരിക്കാന്‍ സാധിക്കില്ലെന്നും ബക്തവാര്‍ ഭൂട്ടോ ട്വിറ്ററില്‍ കുറിച്ചു.
റംസാന്‍ നോമ്പുകാലത്തെ ഭക്ഷണക്രമം സംബന്ധിച്ച 1981 ലെ പാകിസ്താന്‍ നിയമപ്രകാരം ഇക്കാലത്ത് പൊതുസ്ഥലങ്ങളില്‍ വെച്ച് പകല്‍ സമയത്ത് ഭക്ഷണം കഴിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവു നല്‍കിയിരുന്നു. എന്നാല്‍ ഈ നിയമം കൂടുതല്‍ കര്‍ശനമാക്കിയാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.