X

‘ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല’; അന്‍വറിനെ തള്ളി വി.ഡി. സതീശന്‍

ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് തന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമെന്ന പി.വി. അന്‍വറിന്റെ ആവശ്യം തള്ളി വി.ഡി. സതീശന്‍. അന്‍വര്‍ ഇതുപോലുള്ള തമാശകള്‍ പറയരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ചേലക്കരയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും എന്ന മട്ടില്‍ ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വര്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടെന്നും സതീശന്‍ പറഞ്ഞു.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനുമെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രതിപക്ഷം പറയുന്ന അതേ കാര്യങ്ങളാണ് അന്‍വറും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ സ്ഥാര്‍ത്ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്നും ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രമ്യ ഹരിദാസിനെ മാറ്റണമെന്ന് അന്‍വര്‍ തമാശ പറയരുതെന്നും ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയുമില്ലെന്നും സതീശന്‍ പറഞ്ഞു.

 

webdesk17: