X

പ്ലാസ്റ്ററിട്ട കാലുമായി രമ്യ ഹരിദാസ് പ്രചാരണക്കളത്തില്‍; ആവേശത്തിരയില്‍ പ്രവര്‍ത്തകര്‍

ആലത്തൂര്‍: പ്ലാസ്റ്ററിട്ട കാലുകളുമായി അണമുറിയാത്ത ആവേശത്തിലേക്കാണ് രമ്യഹരിദാസ് എംപിയെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രമ്യയെത്തിയപ്പോള്‍ പ്രവര്‍ത്തകരിലും അത് പുതിയ ഊര്‍ജം പകര്‍ന്നു. കുളിമുറിയില്‍ കാല്‍ തെറ്റി വീണ് ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന എം.പി കഴിഞ്ഞ ദിവസമാണ് പ്രചാരണത്തിനെത്തിയത്.

രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് ആറു വരെ പരിപാടിയുണ്ടായിരുന്നു. ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലായിരുന്നു ആദ്യത്തേത്. ഒടുവിലത്തേത് കൊഴിഞ്ഞാമ്പാറയിലും. ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങളിലും അവര്‍ വരുംദിവസങ്ങളില്‍ പ്രചരണത്തിനെത്തും. ചൊവ്വാഴ്ച ആലത്തൂരിലാണ് എംപിയുടെ പര്യടനം. നാളെ കുന്നംകുളം, നാലിന് നെന്മാറ, അഞ്ചിന് ചേലക്കര, ഏഴിന് തരൂര്‍, എട്ടിന് വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ രമ്യ ഹരിദാസ് വോട്ടര്‍മാരെ കാണുമെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.

നവംബര്‍ ആറിന് ശുചിമുറിയില്‍ വഴുക്കി വീണതിനെത്തുടര്‍ന്ന് എം.പിയുടെ ഇടതുകാലില്‍ രണ്ടിടത്ത് പൊട്ടലുണ്ടായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കാലില്‍ സ്റ്റീല്‍ റോഡ് ഇട്ടിരിക്കുകയാണ്. ഒന്നര മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ആലത്തൂരിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന രമ്യയെ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഒരു ദിവസമെങ്കിലും പ്രചാരണത്തിന് ഇറങ്ങുമെന്ന് രമ്യ വ്യക്തമാക്കിയിരുന്നു.

ആലത്തൂരില്‍ തന്റെ വിജയത്തിനായി പണിപ്പെട്ട സാധാരണ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വിശ്രമിക്കാന്‍ മനസ്സ് അനുവദിക്കാത്തതിനാലാണ് ശാരീരികമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ പ്രചരണത്തിന് ഇറങ്ങുന്നത് എന്ന് രമ്യ ഹരിദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം യു.ഡി.എഫ് സംസ്ഥാനത്ത് നിലനിര്‍ത്തുമെന്നും രമ്യ വ്യക്തമാക്കി.

കോഴിക്കോട് കുന്നമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെയാണ് രമ്യ ആലത്തൂരിലേക്ക് എത്തിയതും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും.

Test User: