X
    Categories: indiaNews

പസ്വാന്‍; തിരശീല വീഴുന്നത് അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതത്തിന്

പട്‌ന: കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തോടെ ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഒരു പ്രമുഖന്‍ കൂടിയാണ് ഓര്‍മ്മയാവുന്നത്. ബിഹാര്‍ നിയമസഭയിലേക്ക് 1969ലാണ് രാംവിലാസ് പാസ്വാന്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍. 1974ല്‍ ജയപ്രകാശ് നാരായണന്റെയും രാജ് നാരായണന്റെയും ശിഷ്യനായി. ലോക്ദളിന്റെ ജനറല്‍ സെക്രട്ടറിയും. അടിയന്തരാവസ്ഥാ വിരുദ്ധ രാഷ്ട്രീയ നേതാക്കളുമായുള്ള സഹവാസമാണ് പസ്വാനിലെ രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയത്. കപൂര്‍ ഠാക്കൂര്‍, സത്യേന്ദ്ര നാരായണ്‍ സിന്‍ഹ എന്നിവരുമായെല്ലാം അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി.

അടിയന്തരവാസ്ഥക്കാലത്ത് പസ്വാന്‍ ജയിലിലായി. രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 1977ല്‍ പുറത്തിറങ്ങി. പിന്നീടെത്തിയത് ജനതാ പാര്‍ട്ടിയില്‍. ജനതാ പാര്‍ട്ടി ടിക്കറ്റില്‍ ഹാജിപൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. ഉയര്‍ന്ന ഭൂരിപക്ഷത്തോടെ ഡല്‍ഹിക്ക് വണ്ടി കയറുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായ എട്ടു തവണ അദ്ദേഹം പാര്‍ലമെന്റിലെത്തി. 1989ല്‍ വിപി സിങ് സര്‍ക്കാറില്‍ കേന്ദ്ര തൊഴില്‍ മന്ത്രിയായി. 96ല്‍ റെയില്‍വേ മന്ത്രി. പിന്നീട് വാര്‍ത്താപ്രക്ഷേപണം, കല്‍ക്കരി തുടങ്ങി നിരവധി മന്ത്രാലയങ്ങളില്‍.

രണ്ടായിരത്തില്‍ ജനതാദള്‍ വിട്ട് ലോക്ജന്‍ശക്തി പാര്‍ട്ടി രൂപീകരിച്ചു. 2004ല്‍ യുപിഎക്ക് ഒപ്പം മത്സരിച്ച് കേന്ദ്രരാസവളം വകുപ്പ് മന്ത്രിയായി. 2009ല്‍ ലാലുവിന്റെ രാഷ്ട്രീയ ജനതാദളുമായി ചേര്‍ന്നു. പിന്നീട് മുലായംസിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് നാലാം മുന്നണിക്ക് രൂപം നല്‍കിയെങ്കിലും അതെവിടെയും എത്തിയില്ല. അതിനിടെ, ഹാജിപൂര്‍ മണ്ഡലത്തില്‍ മത്സരിച്ച പാസ്വാന്‍ തോറ്റു. 15-ാം ലോക്‌സഭയിലേക്ക് ഒരാളെ പോലും ജയിപ്പിക്കാന്‍ ലോക്ജന്‍ശക്തിക്കായില്ല. 16-ാം ലോക്‌സഭയില്‍ പസ്വാന്‍ മകന്‍ ചിരാഗ് പസ്വാനും ലോക്‌സഭയിലെത്തി. എന്‍ഡിഎയുമായി ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2014ലെ ഒന്നാം മോദി മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായി. രണ്ടാം മോദി മന്ത്രിസഭയിലും പസ്വാന്‍ വകുപ്പ് നിലനിര്‍ത്തി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: