കൊട്ടിയം; പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത റംസി ഒരു കായിക പ്രതിഭയായിരുന്നു. സ്‌കൂള്‍തലം മുതല്‍ കായിക മേഖലയില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിരുന്ന വിദ്യാര്‍ഥിയായിരുന്നു റംസി. കൊല്ലം എസ്എന്‍ വിമന്‍സ് കോളജില്‍ പഠിക്കുമ്പോള്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
കൂടാതെ ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പവര്‍ലിഫ്റ്റിങ്ങില്‍ യൂണിവേഴ്‌സിറ്റി മെഡലും നേടിയിട്ടുണ്ട്. 6 മാസം ദിവസവേതനാടിസ്ഥാനത്തില്‍ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു റംസിയെന്നാണ് വിവരം. അതേസമയം, റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155 ഹാരീസ് മന്‍സിലില്‍ ഹാരീസി(26)നെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: റംസിയും ഹാരീസും പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരീസിനു ജോലി ലഭിക്കുന്ന മുറയ്ക്കു വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും.
ഒന്നരവര്‍ഷം മുന്‍ ധാരണപ്രകാരം വളയിടല്‍ ചടങ്ങു നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിനു പലപ്പോഴായി ആഭരണവും പണവും നല്‍കി റംസിയുടെ വീട്ടുകാര്‍ സഹായിച്ചു. പിന്നീടു വിവാഹത്തെപ്പറ്റി പറയുമ്പോള്‍ ഹാരീസ് ഒഴിവുകഴിവുകള്‍ പറഞ്ഞിരുന്നു. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു.
ഹാരീസിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി. ഇതു സംബന്ധിച്ചു റംസിയും ഹാരീസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഒടുവില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടര്‍ന്നായിരുന്നു മരണം.
കൊട്ടിയം ഇന്‍സ്‌പെക്ടര്‍ കെ.ദിലീഷ്, എസ്‌ഐ അമല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹാരീസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍, സെക്രട്ടറി ഗിരിജകുമാരി എന്നിവര്‍ റംസിയുടെ വീട്ടിലെത്തി പരാതികള്‍ കേട്ടു. കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.