X

‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നു’; നടിയെ രക്ഷിക്കാന്‍ ശ്രമം’; കണ്ണീരോടെ റഹീം

കൊട്ടിയം; തന്റെ മകളെ അവര്‍ കൊന്നുകളയുകയായിരുന്നുവെന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ പിതാവ് റഹീം. ‘അവള്‍ക്ക് ഒരുപാട് വിഷമങ്ങള്‍ ഉണ്ടായിരുന്നു. പലതും അവളുടെ മരണശേഷം മാത്രമാണ് അറിയുന്നത്. എന്റെ ഹൃദയം നുറുങ്ങുന്നുണ്ട്. പത്ത് വര്‍ഷത്തോളം ഉള്ള പ്രണയമാണ്. ഹാരിസില്ലാതെ പറ്റില്ലെന്നു പറഞ്ഞതു കൊണ്ടാണ് കല്യാണത്തിനു സമ്മതിച്ചതെന്നും റഹീം പറഞ്ഞു.

എന്റെ മകള്‍ സുഖമായിരിക്കട്ടെ എന്ന് മാത്രമേ കരുതിയുള്ളൂ. മരണത്തിനു പിന്നാലെ അവളുടെ ശബ്ദസന്ദേശം പുറത്ത് വന്നതിനു ശേഷമാണ് ഇത്രമാത്രം ദുരിതത്തിലൂടെ എന്റെ കുഞ്ഞ് കടന്നു പോയതായി മനസിലാക്കുന്നതു തന്നെ. എന്റെ മകള്‍ക്ക് നീതി വേണം. അതിന് ഏത് അറ്റം വരെ ഞാന്‍ പോകുമെന്നും റംസിയുടെ പിതാവ് റഹീം പറഞ്ഞു.

മകളുടെ കല്യാണക്കാര്യം പറഞ്ഞ് പല തവണ ഞാന്‍ അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിയും. ഇളയമകളുടെ കല്യാണം നടത്തണം. വയസ്സിനു മൂത്തവളെ നിര്‍ത്തിയിട്ട് ഇളയവളെ പറഞ്ഞയ്ക്കാനാവില്ല. എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോഴാണ് വളയിടല്‍ ചടങ്ങ് നടത്താമെന്ന് പറഞ്ഞത്. ലക്ഷണക്കിനു രൂപയുടെ സമ്മാനങ്ങളും പള്ളിമുക്കില്‍ ഒരു വര്‍ഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ തുകയും നല്‍കിയെന്നും റഹീം പറഞ്ഞു. അടുത്തിടെയാണ് സാമ്പത്തികമായി ഭേദപ്പെട്ട ഒരു പെണ്‍കുട്ടിയുമായി ഹാരിസ് അടുപ്പത്തിലാകുന്നത്. ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് ഹാരിസിന്റെ തീരുമാനം എന്നറിഞ്ഞ റംസി, ഹാരിസിന്റെ വീട്ടില്‍ പോയിരുന്നു. അന്ന് എന്റെ മകളെ അടിച്ച് പുറത്താക്കുകയായിരുന്നു ഹാരിസിന്റെ ഉമ്മ. പണം മോഹിച്ചാണ് പുതിയ ബന്ധത്തിന് അവര്‍ തയാറായതും. എന്റെ കുഞ്ഞിനെ ശാരീരികവും മാനസികവും ദുരുപയോഗിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തവര്‍ മറുപടി പറഞ്ഞേ മതിയാകൂ.

ചതിക്കപ്പെടുകയാണെന്നറിഞ്ഞ എന്റെ പൊന്നുമോള്‍ ഹൃദയം തകര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്റെ കുഞ്ഞിനെ അവര്‍ കൊന്നു കളഞ്ഞതാണ്. എന്റ കുഞ്ഞിന്റെ മരണത്തില്‍ ആ കുടുംബത്തിന് ഒന്നാകെ പങ്കുണ്ട്. അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കാതെ എനിക്ക് സമാധാനമായി ഉറങ്ങാനാകില്ല. റംസിയുടെ മരണത്തില്‍ ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയല്‍ നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേര്‍ക്കണം.

ഷൂട്ടിങ്ങിനായി പോകുമ്പോള്‍ പലപ്പോഴും റംസിനെയും നടി കൂടെ കൂട്ടുമായിരുന്നു. കുഞ്ഞിനെ നോക്കണമെന്നും കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോകുക. ദിവസങ്ങള്‍ക്കു ശേഷം ഹാരിസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗര്‍ഭച്ഛിദ്രം നടത്താന്‍ അവളെ കൊണ്ടുപോയത് സീരിയല്‍ നടിയാണ്. അവരെ പൊലീസ് ചോദ്യം ചെയ്യണം- റഹീം പറയുന്നു.

ഗര്‍ഭച്ഛിദ്രം നടത്താനായി മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖ പ്രതികള്‍ ചമച്ചിരുന്നു .കേസില്‍ നിന്ന് സീരിയല്‍ നടിയെ ഒഴിവാക്കാനായി ഉന്നതതല ഇടപെടലുകള്‍ നടക്കുന്നുണ്ട്. മരണത്തിന്റെ അന്നും എന്റെ മകള്‍ ഹാരിസിനെയും ഉമ്മയെയും വിളിച്ചിരുന്നു. മറ്റൊരാളെ കല്യാണം കഴിക്കാനും അതിനു കഴിയില്ലെങ്കില്‍ പോയി ചാകാനുമാണ് അവര്‍ എന്റെ മകളോട് പറഞ്ഞത്. നീതി ലഭിക്കും വരെ ഈ പോരാട്ടം ഞാന്‍ തുടരുക തന്നെ ചെയ്യും- റഹീം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പള്ളിമുക്ക് സ്വദേശി റംസി (24) കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഹാരിസ് അറസ്റ്റിലായിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

chandrika: