ദോഹ: റമദാനോടനുബന്ധിച്ച് അലക്ഷത്തിലേറേ ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് വിലനിയന്ത്രണം. നിശ്ചയിക്കപ്പെട്ടതില്‍ കൂടുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് റമദാനില്‍ വില വര്‍ധിപ്പിക്കാനാകില്ല. ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.ഷോപ്പിങ് മാള്‍, മറ്റ് വന്‍കിട റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും വിലനിയന്ത്രണം നടപ്പാക്കുക.
റമദാനില്‍ വില നിലവാരം പിടിച്ചുനിര്‍ത്തുന്നതും അന്യായമായി വില ഉയര്‍ത്തുന്നത് തടയുകയും ലക്ഷ്യമിട്ട്് അഖല്‍ മിനല്‍ വാജിബ്(നമുക്ക് ചെയ്യാന്‍ പറ്റുന്നതില്‍ ചെറുത്) എന്ന പേരില്‍ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് വില നിയന്ത്രണം. ഉത്പന്നങ്ങള്‍ക്ക് സ്ഥിരമായ വില നിലനിര്‍ത്താനും അമിത വില വര്‍ധന തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
വില വര്‍ധനവില്‍ നിന്ന് പിന്‍മാറണമെന്നും രാജ്യത്തെ എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും ചെറുകിട സ്ഥാപനങ്ങളും വില സ്ഥിരത നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.കോഴി, മുട്ട, മുട്ടയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, ഫ്രോസണ്‍ മാസം, മാംസോല്‍പ്പന്നങ്ങള്‍, പാല്‍(ഫ്രഷ്, കണ്ടന്‍സ്ഡ്, പാല്‍പ്പൊടി) തുടങ്ങിയവയുടെ വിലനിയന്ത്രണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ചായ, കാപ്പി ഉല്‍പന്നങ്ങള്‍, പഞ്ചസാര, ഹല്‍വ, ജാം, പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, അരി, ബിസ്‌കറ്റുകള്‍, പൊട്ടറ്റോ ചിപ്‌സ്, മിനറല്‍ വാട്ടര്‍, ഫ്രഷ് ജ്യൂസ്, കാന്‍ഡ് ജ്യൂസ്, കാന്‍ഡ് ഫുഡ്, ഭക്ഷ്യ എണ്ണകള്‍, ബേബി ഫുഡ്, ബേബി ഡയാപര്‍, സാനിറ്ററി നാപ്കിന്‍, വ്യക്തി ശുചിത്വ ഉല്‍പ്പന്നങ്ങള്‍, വീട്ടില്‍ ഉപയോഗിക്കന്ന ഡിറ്റര്‍ജന്റുകള്‍, ടിന്‍ പേപ്പര്‍, പ്രിസര്‍വേറ്റീവുകള്‍, ടിഷ്യു പേപ്പര്‍, എല്ലാ തരത്തിലുമുള്ള വീട്ടുപകരണങ്ങള്‍ തുടങ്ങിയവ പട്ടികയില്‍പ്പെടുന്നു.
ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിച്ച്് നിര്‍ത്താന്‍ മന്ത്രാലയം എല്ലാ ഷോപ്പിങ് മാളുകളോടും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളോടും ആവശ്യപ്പെട്ടു. വില നിലവാരം നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അനുവാദമില്ലാതെ വില വര്‍ധിപ്പിക്കരുത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നവരെ കര്‍ശനമായി നേരിടും.
നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ പരിശോധനകള്‍ നടത്തും. 418 അവശ്യ വസ്തുക്കളുടെ വില കുറയ്ക്കുന്നതായി കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അരി, പാല്‍, പഞ്ചസാര, ചിക്കന്‍, ധാന്യപ്പൊടികള്‍, ഭക്ഷ്യ എണ്ണ തുടങ്ങി ഉല്‍പ്പന്നങ്ങളാണ് റമദാനോട് അനുബന്ധിച്ച് വില കുറയ്ക്കുന്നവയില്‍ ഉള്‍പ്പെടുത്തിയത്.