X

രാംപുനിയാനിക്ക് ഫോണ്‍ കോള്‍ ഭീഷണി, 15 ദിവസങ്ങള്‍ക്കകം ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ആവശ്യം

മുംബൈ: മുന്‍ ഐ.ഐ.ടി പ്രഫസറും എഴുത്തുകാരനും വാഗ്മിയുമായ രാംപുനിയാനിയെ അജ്ഞാതന്‍ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പരാതി. ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും മുംബൈ നഗരം വിട്ടു പോവാനും ആവശ്യപ്പെട്ടാണ് ഭീഷണി. പതിനഞ്ചു ദിവസങ്ങള്‍ക്കകം നഗരം വിട്ടു പോയില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും വിളിച്ചയാള്‍ പറഞ്ഞു.

രണ്ടു വ്യത്യസ്ത നമ്പറുകളില്‍ നിന്നാണ് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആദ്യത്തെയാള്‍ ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും നഗരം വിട്ടു പോവാനും ആവശ്യപ്പെട്ടു. പിന്നീട് മറ്റൊരു നമ്പറില്‍ നിന്നു വിളിച്ചപ്പോള്‍ രാംപുനിയാനിയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. അതോടെ അജ്ഞാതന്‍ ഫോണ്‍ വെച്ചു.

വിളിച്ചയാളെ കണ്ടു പിടിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് രാംപുനിയാനി മുംബൈ പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ പാസ്‌പോര്‍ട്ട് അപേക്ഷയെ സംബന്ധിച്ച് അന്വേഷിക്കാന്‍ എന്ന വ്യാജേന മൂന്നു പേര്‍ വീട്ടില്‍ വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടില്ലെന്ന് അറിയിച്ചതോടെ അവര്‍ തിരിച്ചു പോവുകയായിരുന്നു. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും രാംപുനിയാനി വ്യക്തമാക്കുന്നു.

web desk 1: