ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശം. മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നുവെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ഇഫ്താര്‍ വിരുന്നിന്റെ കാര്യത്തില്‍ മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പാത പിന്തുടരുകയാണ് രാം കോവിന്ദ്. ഒരുമതത്തിന്റെയും ആഘോഷങ്ങള്‍ നികുതിപ്പണം ഉപയോഗിച്ചുവേണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ തീരുമാനം.
നേരത്തെ 2002 മുതല്‍ 2007 വരെ എ.പി.ജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായ കാലത്ത് സമാനമായ രീതിയില്‍ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു. ഇഫ്താറിനായി ചെലവാക്കുന്ന പണം അനാഥര്‍ക്ക് സംഭാവന ചെയ്യാനായിരുന്നു കലാമിന്റെ തീരുമാനം. രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേറ്റെടുത്ത ശേഷം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ചടങ്ങുകള്‍ നടത്തേണ്ടതില്ലെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് രാഷ്ട്രപതി ഭവന്‍ മാദ്ധ്യമ സെക്രട്ടറി അശോക് മാലിക് വ്യക്തമാക്കി.
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് തീരുമാനം. ഒരു മതത്തിന്റെയും ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രപതി റംസാന്‍ ആശംസകള്‍ നേര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുള്‍ കലാമിനു ശേഷം രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, പ്രണബ് കുമാര്‍ മുഖര്‍ജി എന്നിവര്‍ രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് നല്‍കിയിരുന്നു.