ന്യൂഡല്‍ഹി: ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാംനാഥ് കോവിന്ദ് പ്രതികരിച്ചു.
വിവാദമുണ്ടായപ്പോള്‍ മന്ത്രി സ്മൃതി ഇറാനി ആവര്‍ത്തിച്ച് പറഞ്ഞത് ചടങ്ങില്‍ രാഷ്ട്രപതിയുടെ സാന്നിധ്യം ഒരു മണിക്കൂര്‍ മാത്രമാണെന്ന് അവസാന നിമിഷമാണ് രാഷ്ട്രപതി ഭവന്‍ അറിയിച്ചതെന്നാണ്. എന്നാല്‍ ഇത് അടിസ്ഥാനവിരുദ്ധമാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഒരു മണിക്കൂര്‍ മാത്രമേ സാന്നിധ്യമുണ്ടാകുള്ളൂവെന്നും രാഷ്ട്രപതി ഭവന്‍ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ വാര്‍ത്താവിതരണ മന്ത്രാലയം അനാവശ്യ വിവാദമുണ്ടാക്കി പ്രശ്‌നം വഷളാക്കുകയായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
വാര്‍ത്താ വിതരണ മന്ത്രാലയമാണ് പുരസ്‌കാര വിതരണം സംബന്ധിച്ച തീരുമാനം അറിയിച്ചത്. മാര്‍ച്ചില്‍ ചടങ്ങ് സംബന്ധിച്ച് ചര്‍ച്ച പൂര്‍ത്തിയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ മെയ് ഒന്നിന് മാത്രമാണ് അവാര്‍ഡിന്റെ പട്ടിക നല്‍കിയതെന്നും രാഷ്ട്രപതിയുടെ ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം മുതല്‍ പരിഷ്‌കരിച്ചേക്കുമെന്നാണ് വിവരം. രാഷ്ട്രപതി നല്‍കുന്ന പുരസ്‌കാരം ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രമാക്കി മാറ്റാനാണ് കേന്ദ്രം ആലോചിക്കുന്നത്.