ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ 14-ാമത്തെ രാഷ്ട്രപതിയായാണ് രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച്ചയാണ് സത്യപ്രതിജ്ഞ.
തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വിജയം ഉത്തരവാദിത്തം കൂട്ടുന്നു. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുമെന്നും 71-കാരനായ കോവിന്ദ് പറഞ്ഞു. 65.65 ശതമാനം വോട്ടുകള്‍ നേടിയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയത്. രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വിജയം ഏകദേശം ഉറപ്പിച്ചനിലയിലായിരുന്നു. പാതി സംസ്ഥാനങ്ങളിലേയും രാജ്യസഭ-ലോക്‌സഭ എം.പിമാരുടേയും വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ വിജയിക്കാനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചിരുന്നു. 34.35 ശതമാനം വോട്ടുകള്‍ മീരാകുമാറിന് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രപതിയായി തെരഞ്ഞെടുത്ത രാംനാഥിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മീരാകുമാറിനേയും അഭിനന്ദിച്ച മോദി രാംനാഥിന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും പറഞ്ഞു. മീരാകുമാറിന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് കേരളത്തില്‍ നിന്നാണ്. രാംനാഥ് കോവിന്ദിന് ഒരോട്ടു മാത്രമാണ് കേരളത്തില്‍ നിന്നു ലഭിച്ചത്.