X

‘നോട്ടു നിരോധനത്തിനു മുമ്പ് മോദി ദേശീയഗാനം ആലപിച്ചിരുന്നെങ്കില്‍’; ചോദ്യങ്ങളുമായി രാംഗോപാല്‍ വര്‍മയുടെ ട്വിറ്റ്

സിനിമ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ തിയേറ്ററുകളിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ സമ്മിശ്ര പ്രതികരണമാണ് രാജ്യത്തുടനീളമുള്ളത്. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എല്ലാവരും ബഹുമാന സൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നും സ്‌ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ അനുകൂലമായ പ്രതികരണങ്ങള്‍ സിനിമ മേഖലയില്‍ നിന്ന് ഇതുവരെ വന്നിട്ടില്ലെങ്കിലും ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ തന്റെ അഭിപ്രായം തുറന്നടിക്കാന്‍ ധൈര്യം കാണിച്ചു.

ട്വിറ്ററിലൂടെയാണ് വര്‍മ്മ തിയേറ്ററിലെ ദേശീയഗാന വിഷയത്തില്‍ പ്രതികരിച്ചത്. സുപ്രീംകോടതി ഉത്തരവിനെ കണക്കിന് പരിഹസിക്കുന്നതായിരുന്നു ട്വിറ്റ്. ഉത്തരവിനെതിരെ ചില ചോദ്യങ്ങള്‍ തൊടുത്തുവിടുകയാണ് വര്‍മ. ദേശീയഗാനത്തോടുള്ള ബഹുമാനം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. നിര്‍ബന്ധബുദ്ധിയോടെ എന്തിനെയെങ്കിലും ബഹുമാനിക്കാല്‍ ശഠിച്ചാല്‍ വിപരീത ഫലമേ ഉണ്ടാവുകയുള്ളൂവെന്ന് വര്‍മ പറയുന്നു. ദേശീയഗാനത്തിന്റെ അര്‍ത്ഥം ചോദിച്ച് പരീക്ഷയിട്ടാല്‍ 99 ശതമാനം പേരും പരാജയപ്പെടുമെന്നും അദ്ദേഹം തുറന്നടിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയഗാനം ആലപിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അദ്ദേഹം അത് ചെയ്യേണ്ടതായിരുന്നുവെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്റ് ചെയ്തു.

രാം ഗോപാല്‍ വര്‍മ്മയുടെ ചോദ്യങ്ങള്‍:

1. എന്തിനാണ് സിനിമ തിയറ്ററുകളില്‍ മാത്രമായി ദേശീയഗാനം ചുരുക്കുന്നത്? കടയിലേക്ക് പ്രവേശിക്കും മുമ്പ് ഉപഭോക്താവ് ദേശീയഗാനത്തിന്റെ വീഡിയോ കണ്ടുവെന്ന് ഓരോ വ്യാപാരിക്കും ഉറപ്പുവരുത്തികൂടെ?

2. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും എല്ലാ പരിപാടികള്‍ക്കു മുമ്പും ദേശീയഗാനം കേള്‍പ്പിക്കേണ്ടതല്ലെ?
3. മഹാന്മാരായ നേതാക്കളുടെ നയങ്ങളെ വിമര്‍ശിക്കുംമുമ്പ് ചാനല്‍ പരിപാടികള്‍ക്കിടെ ദേശീയഗാനം കേള്‍്പ്പിക്കേണ്ടതല്ലെ?
4. പത്രങ്ങളുടെ ഫ്രണ്ട് പേജുകളില്‍ ദേശീയ അച്ചടിക്കേണ്ടല്ലെ?
5. അമ്പലം, പള്ളി, മസ്ജിദ് എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്കു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കേണ്ടതല്ലെ?


6. ഉറക്കമുണരുമ്പോള്‍ മാതാപിതാക്കളും മക്കളും ദേശീയഗാനം ചൊല്ലാന്‍ പരസ്പരം നിര്‍ബന്ധിക്കേണ്ടതല്ലെ?
7. നൈറ്റ് ക്ലബുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടതല്ലെ?
8. ലോകസഭയിലും നിയമസഭകളിലുമെല്ലാം നടപടികള്‍ ആരംഭിക്കുംമുമ്പ് അംഗങ്ങള്‍ ദേശീയ ഗാനം ചൊല്ലേണ്ടതല്ലെ?


9. എന്തുകൊണ്ട് സ്‌കൂള്‍ കുട്ടികള്‍ മാത്രം ദേശീയഗാനം ചൊല്ലണം? കോളജുകളില്‍, ഓഫീസുകളില്‍ എന്തിന് പാര്‍ലമെന്റില്‍ പോലും അത് നിര്‍ബന്ധമില്ല. ദേശസ്‌നേഹം കുട്ടികള്‍ക്ക് മാത്രം മതിയോ?
10. അര്‍ത്ഥം മനസ്സിലാക്കുന്നതിന് ദേശീയഗാനത്തിന്റെ മറ്റ് പ്രാദേശികഭാഷാ പതിപ്പുകള്‍ കൂടി ഇറക്കേണ്ടതല്ലെ?

chandrika: