ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് ശോഭ കരന്ദ്‌ലാജെക്കെതിരെ മദ്രാസ് ഹൈക്കോടതി. പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കേസില്‍ സ്വയം വാദം നടത്തണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ബി.ജെ.പി നേതാവിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ കരന്ദ്‌ലാജെ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.
ബോംബുണ്ടാക്കാന്‍ പരിശീലനം നേടിയ തമിഴ്നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്നാണ് ശോഭ കരന്ദ്‌ലാജെ പറഞ്ഞത്. ഇതിനെതിരെ തമിഴ്‌നാട് പൊലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശോഭ കരന്ദ്‌ലാജെ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ കോടതി ഹരജി തള്ളിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അതേസമയം താന്‍ തയാറാക്കിയ മാപ്പപേക്ഷയുടെ കരട് വായിച്ചാല്‍ കരന്ദ്‌ലാജെക്കെതിരായ കേസ് റദ്ദാക്കാമെന്ന് തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍ പി.എസ്. രാമന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാവിന്റെ അഭിഭാഷകന്‍, തന്റെ കക്ഷി എക്സിലൂടെ ഇതിനോടകം മാപ്പ് അറിയിച്ചിട്ടുണ്ടെന്നും ആയതിനാല്‍ കേസ് റദ്ദാക്കാനുള്ള ആവശ്യം പരിഗണിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം തമിഴ്‌നാടിന് പുറമെ കേരളത്തിനും കര്‍ണാടകയ്ക്കുമെതിരെയും ശോഭ കരന്ദ്‌ലാജെ വിദ്വേഷവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെത്തി സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയാണെന്നുമായിരുന്നു ശോഭ കരന്ദ്‌ലാജെയുടെ പരാമര്‍ശം.
എന്നാല്‍ സംസ്ഥാനത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്നാട്ടിലെ ഡി.എം.കെ സര്‍ക്കാര്‍ ബി.ജെ.പി നേതാവിനെതിരെ നടപടി സ്വീകരിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ് ശോഭയുടെ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ഇത് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശോഭ കരന്ദ്ലാജെയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുകയും ചെയ്തിരുന്നു.
ബെംഗളൂരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ശോഭ തമിഴ്‌നാടിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. പള്ളിക്ക് മുമ്പില്‍ നിസ്‌കാര സമയത്ത് പാട്ട് വെച്ച മൊബൈല്‍ കടക്കാരനും ഒരു സംഘം ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
പിന്നാലെ ഹനുമാന്‍ ചാലീസ വെച്ചതിന് കടക്കാര്‍ക്ക് മര്‍ദനമേറ്റുവെന്ന ആരോപണവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ ശോഭ കരന്ദ്‌ലാജെ മാധ്യമങ്ങളോട് പ്രതികരിക്കവെ മൂന്ന് സംസ്ഥാനങ്ങള്‍ക്കെതിരെ ശോഭ വിദ്വേഷ പരാമര്‍ശം നടത്തുകയായിരുന്നു.