X

രാമേശ്വരം കഫേ സ്‌ഫോടനം; ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ

രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി. ശിവമൊഗ്ഗ തീര്‍ത്ഥഹള്ളിയില്‍നിന്നുള്ള സായ് പ്രസാദിനെയാണ് എന്‍ഐഎ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് തീര്‍ത്ഥഹള്ളിയിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

വൈറ്റ്ഫീല്‍ഡിലെ കഫേയില്‍ മാര്‍ച്ച് ഒന്നിനായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് പരിക്കേറ്റത്. കേസുമായി ബന്ധപ്പെട്ട് മുസമ്മില്‍ ഷരീഫ് എന്നയാളെ എന്‍ഐഎ മാര്‍ച്ച് 28ന് അറസ്റ്റു ചെയ്തിരുന്നു. സ്ഫോടനത്തിന്റെ സൂത്രധാരകരില്‍ ഒരാളാണ് ഇയാള്‍ എന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. ഇയാള്‍ക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരക്കേറിയ കഫേയില്‍ ഉച്ചയ്ക്ക് 12.45 ഓടെയാണ് സ്ഫോടനമുണ്ടായത്. ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് കേസ് എന്‍ഐഎക്കു കൈമാറി.

മുസവ്വിര്‍ ഷസീബ് ഹുസൈന്‍ എന്നയാളാണ് മുഖ്യസൂത്രധാരന്‍ എന്നാണ് എന്‍ഐഎ പറയുന്നത്. അബ്ദുല്‍ മതീന്‍ താഹ എന്നയാള്‍ക്കു വേണ്ടിയും അന്വേഷണം തുടരുകയാണ്. 3 പേരുടെയും വീടുകളിലും കടകളിലും എന്‍ഐഎ റെയ്ഡ് നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 18 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് ശിവമൊഗ്ഗയില്‍നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐയുടെ പിടിയിലാകുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല.

webdesk13: