X

144 പ്രയോഗിച്ചത് പിന്‍വലിക്കണം നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ യു.ഡി.എഫ് ഏറ്റെടുക്കും: പ്രതിപക്ഷ നേതാവ്

 

നഴ്‌സുമാരുടെ സമരത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്റെ അറിവോടെ മനേജ്‌മെമെന്റിനെ സഹായിക്കുന്നതിനാണ് കണ്ണൂര്‍ കാസര്‍കോട്് ജില്ലാ കലക്ടമാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് കൊണ്ട് ഉത്തരവിറക്കിയത്. സര്‍ക്കാറിന്റെ പിടിപ്പുകേടും ധാര്‍ഷ്ട്യവുമാണ് സമരം 20 ദിവസം നീണ്ടുപോയത്. ചര്‍ച്ചകളിലൂടെ ന്യായമായ പരിഹാരം കണ്ടെത്തുന്നതിന് പകരം സി.പി.സി 144ഉം മറ്റും പ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അനുവദിക്കുകയില്ലെന്ന്് ചെന്നിത്തല പറഞ്ഞു.
നഴ്സുമാര്‍ക്ക് പകരം നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ആസ്പത്രികളില്‍ വിന്യസിക്കാനുള്ള ജില്ലാ കലക്ടറുടെ തീരുമാനം നിയമവിരുദ്ധവും വിവേകശൂന്യവുമാണ്. സമരം പൊളിക്കുന്നതിന് വേണ്ടി രോഗികളുടെ ജീവന്‍ കൊണ്ട് പന്താടാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ വ്യക്തമായ നിര്‍ദേശമനുസരിച്ചാണ് കലക്ടര്‍ മണ്ടത്തരം കാട്ടിയിരിക്കുന്നത്. കലക്ടറുടെ ഉത്തരവ് അനുസരിക്കാന്‍ തയാറാവാതെ സമരംരംഗത്തിറങ്ങിയ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടപടി സ്വീകരിക്കാനുള്ള നീക്കം പ്രശ്നം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. നിയമവിരുദ്ധമായി കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. ജനകീയ സമരങ്ങളോട് ഒപ്പമാണെന്ന് പറയുന്ന ഇടതു മുന്നണിയുടെ യഥാര്‍ത്ഥമായ ജനവിരുദ്ധ മുഖമാണ് കണ്ണൂരില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരമാണ് നഴ്‌സുമാരുടെതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഒരേ സമയം സ്വാശ്രയ മുതലാളിമാരെ സഹായിക്കുകയും മാന്യമായ വേതനത്തിന് അവകാശമുള്ള നഴ്‌സുമാരെ അവഗണിക്കുകയും ചെയ്യുന്ന രീതിയാണ് സര്‍ക്കാറിന്റെത്. സമരം ഒത്തുതീര്‍പ്പായില്ലായെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനമൊട്ടാകെ നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരരംഗത്ത് വരുമെന്നും ഡീന്‍ പറഞ്ഞു.
എം.എല്‍.എമാരായ എം.വിന്‍സന്റ്, കെ.എസ് ശബരീനാഥന്‍, നേതാക്കളായ ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി, മണ്‍വിള രാധാകൃഷ്ണന്‍, സജീവ് ജോസഫ്, കരകുളം കൃഷ്ണപിള്ള, എം.എം നസീര്‍, ചാമക്കാല ജ്യോതികുമാര്‍, വര്‍ക്കല കഹാര്‍, സി.ആര്‍ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

chandrika: