തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രി ആരെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മറ്റൊരു മന്ത്രി ആരെന്ന് തനിക്ക് അറിയാമെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്നും അത് മാധ്യമങ്ങള്‍ തന്നെ പുറത്തുകൊണ്ടുവരട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലൈഫ് പദ്ധതിയിൽ വിവരാവകാശത്തിലൂടെ എം.ഒ.യു ചോദിച്ചിട്ടും മറുപടി നൽകാത്തതിന് കാരണം അടിമുടി അഴിമതിയായതിനാലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 20 കോടി രൂപയുടെ പദ്ധതി 9 കോടിയുടെ കമ്മീഷൻ വാങ്ങിയത് ആരാണെന്ന് പുറത്ത് വരണം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി രാജി വെക്കണമെന്നും ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 22 ന് സെക്രട്ടേറിയറ്റ് പടിക്കലും കളക്ടറേറ്റുകൾക്ക് മുന്നിലും യു.ഡി എഫ് സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എം.ഒ.യു ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകും. അഴിമതിക്കാർക്ക് എല്ലാ സഹായവും നല്‍കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജലീലിന് പാൽപ്പായസം കൊടുത്ത് അഴിമതി നടത്താൻ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
അതേസമയം, സ്വര്‍ണക്കള്ളകടത്തു കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത തൃശൂരിലെ ആറു വനിതാ പൊലീസുകാര്‍ക്ക് എതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചു. ആറു പേരേയും പണിഷ്‌മെന്റ് റോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ കുറ്റകരമായ വീഴ്ച വരുത്തിയോയെന്ന് സീ ബ്രാഞ്ച് എ.സി.പി അന്വേഷിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ എടുക്കുന്ന പ്രാരംഭ അച്ചടക്ക നടപടിയാണിത്. കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ ശമ്പള വര്‍ധന, സ്ഥാനക്കയറ്റം എന്നിവയെ ബാധിക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നാണ് പ്രാരംഭ വിലയിരുത്തല്‍. പ്രതികളുമായി ചങ്ങാത്തം പാടില്ലെന്നും നിശ്ചിതമായ അകലം വേണമെന്നും കീഴ്വഴക്കമുണ്ട്. ഇതുലംഘിച്ച് സെല്‍ഫിയെടുത്തതാണ് അച്ചടക്ക നടപടിയിലേക്ക് നീങ്ങാന്‍ കാരണം.