തിരുവനന്തപുരം: കൊലക്കേസില്‍ പ്രതിയായ എം.എം മണി മന്ത്രിസഭയില്‍ തുടരുന്നത് നീത്യന്യായ വ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും അന്വേഷണത്തെ അട്ടിമറിക്കലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തനിക്ക് അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതിയും സുപ്രീം കോടതിയുമുണ്ടെന്ന മണിയുടെ വാദം നിലനില്‍ക്കില്ല. അഞ്ചേരി വധക്കേസില്‍ തന്നെ പ്രതിചേര്‍ത്ത നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മണി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മണിയുടെ പ്രവര്‍ത്തി ജനാധിപത്യത്തിന്റെ മരണമണി എന്ന് പറഞ്ഞു കൊണ്ടാണ് അപ്പീല്‍ തള്ളിയത്.
ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഇപ്പോഴത്തെ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം അധ്യക്ഷനായ ബഞ്ചാണ് മണിയുടെ അപ്പീല്‍ തള്ളിയത്. അങ്ങനെ ഹൈക്കോടതിയും സുപ്രീംകോടതിയും അപ്പീല്‍ നിരാകരിച്ച സ്ഥിതിക്ക് മണി ഇനി ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ല.കൊലക്കേസില്‍ പ്രതിയായ ഒരാള്‍ കേരളത്തില്‍ മന്ത്രിയായി തുടരുന്നത് ചരിത്രത്തിലാദ്യമാണ്. കേന്ദ്രത്തില്‍ മന്‍മോഹന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഷിബുസോറന്‍ രാജിവെച്ചത് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തിലായിരുന്നു.
കെ.എം മാണിക്കെതിരെ കേസെടുത്തപ്പോള്‍ അദ്ദേഹം രാജിവെച്ചു. രാജന്‍ കേസില്‍ കെ.കരുണകരനും രാജിവെച്ചു. ഇതാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ കീഴ്‌വഴക്കം. ധാര്‍മ്മികതയുടെ പേരില്‍ ഏപ്പോഴും വാചാലമാകുന്ന സി.പി.എം ഇക്കാര്യത്തില്‍ കാണിക്കുന്നത് ജനവഞ്ചനയാണ്. ഒരു ക്രിമിനല്‍ കേസില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതിയാല്‍ അയാളെ ഉടന്‍ സസ്‌പെന്റ് ചെയ്യുന്നതാണ് നടപടിക്രമം.
ഇവിടെ ഒരു മന്ത്രി കൊലക്കേസില്‍ പ്രതിയായിരിക്കുകയാണ്. അദ്ദേഹം മന്ത്രിയായി തുടരുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നീതിപൂര്‍വവും ഭയരഹിതവുമായി കേസ് നടത്താന്‍ കഴിയില്ല. പൊലീസ് ഉദ്യോഗസ്ഥരും ഒരു മന്ത്രിക്കെതിരെ തെളിവ് ശേഖരിക്കാന്‍ മടിക്കും. സാക്ഷികള്‍ക്ക് ഭയരഹിതമായി മൊഴി നല്‍കാനുമാവില്ല. ഇത് കേസ് അട്ടിമറിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഈ പശ്ചാത്തലത്തില്‍ എം.എം മണി മന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കണമെന്ന് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.