തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടേണ്ട അരി മുഴുവന്‍ തടഞ്ഞുവെച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്ത്തിവെച്ച അരി തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അതിനെയാണ് താന്‍ തടഞ്ഞത്. അത് നാട്ടിലെ ജനങ്ങലെ വിഡ്ഡികളാക്കാന്‍ വേണ്ടി ചെയ്തതാണ്. എന്തുകൊണ്ട് നേരത്തെ അരി കൊടുത്തില്ല?. രണ്ട് മൂന്ന് ആഴ്ചകൊണ്ട് കൊടുക്കേണ്ട അരി എന്തുകൊണ്ട് പൂഴ്ത്തിവെച്ചു എന്നും ചെന്നിത്തല ചോദിച്ചു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കുട്ടികള്‍ക്ക് കൊടുക്കേണ്ടിയിരുന്ന അരി പൂഴ്ത്തിവെച്ചതും മുഖ്യമന്ത്രിയല്ലേ എന്ന് ചെന്നിത്തല ചോദിച്ചു.
മൂന്നാഴ്ചയായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ട അരി പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയല്ലേ?. വോട്ടുതട്ടാന്‍ വേണ്ടി അരി പൂഴ്ത്തിവെക്കുകയും, തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി എന്താണ്. ആരെ പറ്റിക്കാനാണിത്?. ആടിനെ പട്ടിയാക്കരുതെന്ന് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ആദ്യമായി ഓണക്കിറ്റ് നല്‍കിയത് കോണ്‍ഗ്രസാണ്. സര്‍ക്കാരിന് ഒരു നേട്ടവും പറയാനില്ലാത്തതുകൊണ്ട്, നേരത്തെ കൊടുക്കേണ്ട അരി പൂഴ്ത്തിവെച്ച് തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്യുന്നത് ചട്ടലംഘനം തന്നെയല്ലേ. ഇപ്പോള്‍ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണംചെയ്യുന്നത്. വിഷുവിന്റെ കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി വളരെ വൃത്തികെട്ട നിലയില്‍ ഭരണദുര്‍വിനിയോഗം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപിയുടെ യഥാര്‍ഥ ഏജന്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല ആരോപിച്ചു. ലാവലിന്‍ കേസ് 26 തവണ സുപ്രീംകോടതിയില്‍ മാറ്റിവെച്ചത് കണ്ടാല്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലാകില്ലേ?. ഇവിടെയുള്ള എല്ലാതരത്തിലുള്ള അന്വേഷണങ്ങളും മരവിപ്പിച്ചത് ബിജെപിയുമായുള്ള കൂട്ടുകെട്ടുമൂലമല്ലേ. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമായി ഉപയോഗിച്ചുകൊണ്ട് പിണറായി വിജയന്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.