X

‘സന്നിധാനത്തെ വനിതാ പൊലീസുകാരുടെ പ്രായം ആര്‍.എസ്.എസ് ഉറപ്പ് വരുത്തി’; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല

കോഴിക്കോട്: ശബരിമലയിലെ സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാര്‍ 50 വയസിന് മുകളിലുള്ളവരെന്ന് ഉറപ്പുവരുത്തിയെന്ന് ശബരിമല കര്‍മ്മ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ആര്‍.എസ്.എസ് നേതാവ് അവകാശപ്പെടുന്നത്.

കോഴിക്കോട് മുതലക്കുളത്ത് നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തില്‍ സംസാരിക്കവേയായിരുന്നു തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.
ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നാണ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസില്‍ ഒരാളുടെ ഭര്‍ത്താവിന്റെ പ്രായം 49 ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതോടെ ഉദ്യോഗസ്ഥയുടെ പ്രായം 49 ല്‍ താഴെയാകുമെന്ന ആശങ്കയുണ്ടായി. തുടര്‍ന്ന് എസ്.പി മാരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്നാണ് തില്ലങ്കേരി പ്രസംഗത്തില്‍ അവകാശപ്പെട്ടത്.

ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ലെന്നും തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറായില്ലെന്നും തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം ആര്‍.എസ്.എസ് നേതാവിന്റെ വെളിപ്പെടുത്തലോടെ സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ആര്‍എസ്എസ് പരിശോധിച്ചിരുന്നെന്ന വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസ് സേനയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അന്ന് സന്നിധാനത്ത് പൊലീസ് പോലും ആര്‍എസ്എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സന്‍ തില്ലങ്കേരി അന്ന് പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പൊലീസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് തന്നെ ആര്‍എസ്എസിന്റെ ചൊല്‍പ്പടിക്കും ദയാദാക്ഷണ്യത്തിനും വിധേയമായി നില്‍ക്കേണ്ടി വന്ന അവസ്ഥ ലജ്ജാകരമാണ്. ശബരിമലയില്‍ വന്‍സുരക്ഷ ഒരുക്കിയിരുന്നെന്ന് പറയുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും മറ്റ് സംഘപരിവാര്‍ ശക്തികള്‍ക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകായണ് ചെയ്തത്. പരിപാവനമായ പതിനെട്ടാംപടിയില്‍ കയറി നിന്ന് അപമാനിച്ച സംഘപരിവാറുകാര്‍ ഭക്തരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് അതൊന്നും തടഞ്ഞില്ല. ശബരിമലയെ ആര്‍എസ്എസിനും ബിജെപിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും അടിയറവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

chandrika: