X

കെ.എം ഷാജിക്കെതിരെ കേസെടുത്ത വനിതാകമീഷന്‍ നടപടി രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല

കെ.എം ഷാജിക്ക് എതിരെ കേസെടുത്ത വനിതാകമീഷന്‍ നടപടി രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യ മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമര്‍ശനം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകള്‍ക്ക് എതിരുമാകും? മന്ത്രിയുടെ ഭാഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിനു കേസെടുത്ത നടപടി കെ.എം ഷാജിക്കെതിരായ സിപിഎമ്മിന്റെ പകപോക്കലിന്റെ ഭാഗമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുന്‍ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്നു പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുക.

ശാരീരികപീഡനത്തിനും സൈബര്‍ ആക്രമണത്തിനും വനിതകളും പെണ്‍കുട്ടികളും ഇരയാകുമ്പോള്‍ ഉറങ്ങുന്ന കമ്മിഷന്‍ ഷാജിക്കെതിരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാവും. വാളയാര്‍ സംഭവം മുതല്‍ ഉമ്മന്‍ ചാണ്ടിയുടെ പെണ്മക്കളെ വേട്ടയാടിയതുവരെയുള്ള നിരവധി വിഷയങ്ങളില്‍ കമ്മിഷന്‍ നോക്കുകുത്തിയായ എത്രയോ സംഭവങ്ങള്‍ ഉണ്ട്. കമ്മിഷന്‍ രാഷ്ട്രീയമായി അധ:പതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണം. ഇത്തരം വേട്ടയാടലുകള്‍ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സി പി എം ഓര്‍ത്താല്‍ കൊള്ളാമെന്ന് ചെന്നിത്തല പറഞ്ഞു.

webdesk11: