X

ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം: നിലപാട് ക്രൂരതയെന്ന് ചെന്നിത്തല

പത്തനംത്തിട്ട: ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി ഈടാക്കുന്ന നിലപാട് ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീട് ലോണും കുട്ടികളുടെ പഠനവും എന്നിങ്ങനെ ഭാരിച്ച ചെലവുകളുള്ളവരാണ് ജീവനക്കാര്‍.

ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് പറയുമ്പോള്‍ അത് നിരവധി ആളുകളെ ബുദ്ധിമുട്ടിലാഴ്ത്തുമെന്നും അതിനാല്‍ നിര്‍ബന്ധിത പിരിവില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയക്കെടുതിയില്‍ കേരളം ഒരു മനസ്സായാണ് പ്രവര്‍ത്തിച്ചത്. പലയിടത്തും സര്‍ക്കാറല്ല ജനങ്ങളാണ് ക്യാമ്പുകള്‍ നടത്തിയത്. ദുരന്തത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കച്ചവടക്കാര്‍ക്ക് ഓണക്കാലത്തു പോലും കച്ചവടം കിട്ടിയിട്ടില്ല. പിന്നെയെങ്ങനെയാണ് കച്ചവടക്കാരില്‍ നിന്ന് പണം കണ്ടെത്താനാവുകയെന്ന് ചെന്നിത്തല ചോദിച്ചു.
സംസ്ഥാനത്തെ മഹാപ്രളയത്തിലേക്ക് എത്തിച്ചത് സര്‍ക്കാറാണ്. ഇത് ഡാം ദുരന്തമാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാറിന്റെ പിടിപ്പുകേടും കെഎസ്ഇബിയുടെ ലാഭക്കൊതിയുമാണ് സംസ്ഥാനത്തെ ദുരവസ്ഥയിലേക്ക് എത്തിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

ആഗസ്ത് മൂന്നു മുതല്‍ 17 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് ഉണ്ടായിട്ടും സര്‍ക്കാര്‍ അത് കേള്‍ക്കാന്‍ തയാറായില്ല. ദുരന്തനിവരാണ അതോറിറ്റി പുനസ്ഥാപിക്കേണ്ടതുണ്ട്. നിലവില്‍ അതോറിറ്റിയില്‍ വിദഗ്ധര്‍ ആരുമില്ലെന്നും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അതോറിറ്റി സജീവമായിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

chandrika: