പ്രവര്‍ത്തകര്‍ക്കൊപ്പം ജീവിക്കുന്നതാണ് തന്റെ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരം കിട്ടുമ്പോള്‍ കോട്ട കെട്ടി അതിനുള്ളിലിരുന്ന് എല്ലാവരെയും ആട്ടിയോടിക്കുന്ന പ്രകൃതം തനിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫെയ്‌സ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിച്ച ജനപിന്തുണ കണ്ട് മുഖ്യമന്ത്രിക്ക് ഹാലിളകിയിരിക്കുകയാണ്. മന്ത്രിമാരുടെ പരിപാടിയില്‍ ആളു കൂടിയാല്‍ കോവിഡ് വരില്ല, ഐശ്വര്യ കേരള യാത്രയില്‍ കോവിഡ് വരുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഐശ്വര്യ യാത്രയ്‌ക്കെതിരെ കേസ്, ആളുകൂടിയ ആരോഗ്യമന്ത്രിയുടെ പരിപാടിക്കെതിരെ കേസില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
പ്രവര്‍ത്തകര്‍ക്കൊപ്പം ജീവിക്കുന്ന, സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍. എന്നെ പ്രവര്‍ത്തകര്‍ പൊക്കിക്കൊണ്ടുപോകും,തോളില്‍ കൈയിടും, എന്നോടൊപ്പം സഞ്ചരിക്കും. അവരോടൊപ്പം ഞാനും സഞ്ചരിക്കും, ഉറങ്ങും. സ്പീക്കര്‍ പറഞ്ഞതുപോലെ ഒരു കെഎസ് യു പ്രവര്‍ത്തകന്റെ മനോവീര്യം തന്നെയാണ് ഇപ്പോഴുള്ളത്. അതില്‍ അഭിമാനമാണുള്ളത്.
പ്രവര്‍ത്തകരോടൊപ്പമാണ് ഇന്നു വരെ ജീവിച്ചത്. നാളെയും അങ്ങനെയായിരിക്കും. അല്ലാതെ അധികാരം കിട്ടുമ്പോള്‍ കോട്ട കെട്ടി, അതിനുള്ളിലിരുന്ന് എല്ലാവരെയു ആട്ടിയോടിക്കുന്ന പ്രകൃതം എനിക്കില്ല. അവര്‍ തോളിയേറ്റിയാല്‍ തോളിലേറും. അവര്‍ നടത്തിയാല്‍ നടക്കും. ഈ കേരളം മുഴുവന്‍ 42 ദിവസം നടന്നിട്ടുണ്ട്. ഏഴാമത്തെ യാത്രയാണ് ഇപ്പോള്‍ നടക്കുന്നത്. ഡല്‍ഹി മുതല്‍ ശ്രീപെരുംമ്പത്തൂര്‍ വരെ നടന്ന യാത്ര കൂടി നോക്കിയാല്‍ എട്ടാമത്തെ യാത്രയാണ്.പ്രവര്‍ത്തകരെ ആട്ടിയോടിക്കുകയും ഏഴയലത്തുപോലും അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശൈലി ഏതായാലും രമേശ് ചെന്നിത്തല പിന്തുടരില്ല.
കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. ഇന്ത്യയില്‍ ഏറ്റവും അധികം കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. എന്നിട്ടും അവാര്‍ഡ് വാങ്ങിക്കൂട്ടുകയാണ് ആരോഗ്യമന്ത്രി.
പുലിയിറങ്ങി എന്നപോലെയാണ് മന്ത്രിമാര്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അഞ്ചു വര്‍ഷമാകുമ്പോഴാണ് സാന്ത്വനത്തെക്കുറിച്ച് ഈ സര്‍ക്കാര്‍ ആലോചിക്കുന്നത്.