X

സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട്ടെ സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ സര്‍ക്കാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സ്വാതന്ത്രദിനത്തിലാണ് ചട്ടംലംഘിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ ദേശീയപതാകയുയര്‍ത്തിയത്.

ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് പതാകയുയര്‍ത്തിയ മോഹന്‍ ഭാഗവതിനെതിരെ അന്ന് നടപടിയെടുക്കാതെ ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയാണുണ്ടായത്. ഇപ്പോള്‍ സ്‌കൂള്‍ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തണം. ആര്‍എസ്എസിനെ എന്നും പ്രീണിപ്പിക്കുന്ന നയമാണ് ഈ സര്‍ക്കാരിനുള്ളത്.

അതുകൊണ്ടാണ് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കാതെ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ മാത്രം നടപടിക്ക് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാലക്കാട് വടക്കുംതല കണ്ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വിവാദമായ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് സംഭവം. കൂടാതെ ദേശീയഗാനം ആലപിക്കുന്നതിന് പകരം വന്ദേമാതരമാണ് ആലപിച്ചതും. ഇതും ചട്ടലംഘനമാണ്. 2002ലെ ദേശീയ ഫല്‍ഗ് കോഡിന് എതിരാണ് ഈ നടപടി.

രാഷ്ട്രീയനേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതുകൊണ്ട് ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കുറ്റകരമായ സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി. ഇത് പരിശോധിക്കുന്നതിന് തഹസീല്‍ദാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പാലക്കാട് പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

chandrika: