X
    Categories: keralaNews

മാര്‍ക്ക് ദാനം: സിന്‍ഡിക്കേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക്ദാന സംഭവത്തില്‍ വീണ്ടും കള്ളക്കളി നടത്തിയ സിന്റിക്കേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍വ്വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കി.

അനധികൃതമായി 116 ബി.ടെക് വിദ്യാര്‍ത്ഥികളെ മാര്‍ക്ക് കൂട്ടി നല്‍കി വിജയിപ്പിച്ച സംഭവം വന്‍വിവാദം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് 2019 ഒക്ടോബര്‍ 24 ന് സര്‍വ്വകലാശാലാ സിന്റിക്കേറ്റ് ആ തീരുമാനം റദ്ദ് ചെയ്യുകയും അനധികൃതമായി നല്‍കിയ ബിരുദങ്ങള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍വ്വകലാശാലാ നിയമം അനുസരിച്ച് ഒരിക്കല്‍ നല്‍കിയ ബിരുദം റദ്ദാക്കാന്‍ ഗവര്‍ണര്‍ കൂടിയായ ചാന്‍സലര്‍ക്കേ അധികാരമുള്ളൂ. ഇതറിഞ്ഞു കൊണ്ടു തന്നെയാണ് കുട്ടികള്‍ക്ക് പിന്നീട് കോടതിയില്‍ പോകാനുള്ള പഴുത് ഇട്ടുകൊണ്ട് സിന്‍ഡിക്കേറ്റ് ഈ കള്ളക്കളി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അന്ന് തന്നെ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്ന് ഗവര്‍ണര്‍ക്ക് അയച്ചകത്തില്‍ പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. കുട്ടികള്‍ ഹൈക്കോടതിയില്‍ പോവുകയും, സിന്റിക്കേറ്റ് ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചത് എന്നതിനാല്‍, അങ്ങനെ ബിരുദങ്ങള്‍ പിന്‍വലിക്കാനെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കുകയും ചെയ്തു. തോറ്റ കുട്ടികളെ സഹായിക്കാന്‍ സിന്‍ഡിക്കേറ്റ് ആസൂത്രിതമായി കള്ളക്കളി നടത്തിയതിനാലാണ് ഇത് സംഭവിച്ചതെന്നും ആരോപിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടുകയും സര്‍വ്വകലാശാലാ പരീക്ഷകളുടെ ഉന്നത മുല്യവും പവിത്രതയും ഔന്നത്യവും നിലനിര്‍ത്തുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: