X

തെളിവില്ലാതെ ഒരാരോപണവും ഉന്നയിച്ചിട്ടില്ല; പിണറായി എതിര്‍ക്കുന്നത് സ്വന്തം ഉത്തരവിനെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് സ്വന്തം ഉത്തരവിനെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഹൈക്കോടതിയിലെത്തിയത് അന്വേഷണം മുഖ്യമന്ത്രിക്ക് നേരെ വരുമെന്ന ഭയം കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാല്‍ സിബിഐ അന്വേഷണം നടത്താമെന്നു മുന്‍പ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നെന്ന് രേഖകള്‍ സഹിതം വാദിച്ച പ്രതിപക്ഷ നേതാവ് ഇത് മറിച്ച് വച്ചാണ് സര്‍ക്കാര്‍ കോടതില്‍ ഇപ്പോള്‍ സിബിഐയെ എതിര്‍ക്കുന്നതെന്നും ചെന്നിത്തല വെളിപ്പെടുത്തി. വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാല്‍ സിബിഐ അന്വേഷണം നടത്താമെന്ന് 2017 ജൂണ്‍ 13 ന് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സിബിഐ അപേക്ഷ അനുവദിച്ചായിരുന്നു വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് വിചിത്രമായ നടപടിയാണെന്നും മുഖ്യമന്ത്രിയിലേക്ക് ചോദ്യങ്ങള്‍ എത്തും എന്ന് ഉറപ്പുള്ളത് കൊണ്ടാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ലൈഫ് മിഷന്‍ ക്രമക്കേടിനെതിരായ സിബിഐ അന്വേഷണം വിലക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോലും സര്‍ക്കാര്‍ ആലോചിച്ചെന്നും ചെന്നിത്തല ആരോപിച്ചു. ലൈഫ് കരാര്‍ ആകാശത്തു നിന്നും പൊട്ടി വീണത് അല്ലെന്നും മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലെ ചര്‍ച്ചയുടെ ഫലം ആണ് കരാറെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, തനിക്കെതിരെ സിപിഎം സെക്രട്ടറി ഉയര്‍ത്തികൊണ്ടുവന്ന ഐഫോണ്‍ ആരോപണത്തിലും ചെന്നിത്തല മറുപടി നല്‍കി. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ വന്‍ അഴിമതിയാണ് നടത്തുന്നതെന്നും തെളിവില്ലാതെ ഒരാരോപണവും താന്‍ ഇതേവരേ ഉന്നയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഒരാളില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും എന്നാല്‍ ആ ഫോണുകള്‍ എവിടെ പോയെന്നും ചെന്നിത്തല ചോദിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ഞാന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് പറഞ്ഞത്. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഫോണ്‍ ലഭിച്ച മൂന്നു പേരെ കണ്ടെത്താനായെന്നും അതിലൊരാള്‍ മുന്‍ ആഭ്യന്തരമന്ത്രി കൂടിയായി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി. രാജീവനാണന്നും ചെന്നിത്തല വെളിപ്പെടുത്തി.

പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് ഉറപ്പു വരുത്തേണ്ട രാജീവന്‍ ഈ ചടങ്ങില്‍ പങ്കെടുത്തില്ലേ? മൂന്ന് ഫോണ്‍ ലഭിച്ചവരുടെ വിശദാംശങ്ങളെ ലഭിച്ചിട്ടുള്ളൂ. മറ്റ് ഫോണുകള്‍ എവിടെ? ബില്‍ വിശദാംശവും ഐ.എം.ഇ.ഐ. നമ്പറും സഹിതം ആര്‍ക്കൊക്കെയാണ് ഫോണ്‍ കിട്ടിയതെന്ന് കണ്ടെത്തണമെന്ന് ഡി.ജി.പിക്ക് കത്ത് കൊടുത്തിട്ടുണ്ട്. ഇന്ന് രാവിലെയും ഞാന്‍ ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തെ വിളിച്ചിരുന്നു.’ ചെന്നിത്തല പറഞ്ഞു.

“ഫോണ്‍ കിട്ടിയ മൂന്നു പേരെ എന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഒരാള്‍ എം.പി. രാജീവനാണ്. അദ്ദേഹം മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. അദ്ദേഹത്തിന് നറുക്കെടുപ്പില്‍ മൊബൈല്‍ ലഭിച്ചത് ഞാന്‍ അപരാധമായി കാണുന്നില്ല. കാരണം അദ്ദേഹം ചോദിച്ച് വാങ്ങിച്ചതല്ല. നറുക്കെടുപ്പില്‍ കിട്ടിയതാണ്. അദ്ദേഹം ഇപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറാണ്.

മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, വിമാന ടിക്കറ്റുകള്‍ ഒക്കെ പലര്‍ക്കും നറുക്കെടുപ്പില്‍ കിട്ടി. എല്ലാം വിതരണം ചെയതത് ഞാനല്ല. എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഹബീബിനും അക്കൂട്ടത്തില്‍ ഒരു വാച്ച് കിട്ടി. അത് അദ്ദേഹം എന്നെ അറിയിച്ചു. അതില്‍ ഒരു അപകാതയും ഞാന്‍ കാണുന്നില്ല. അത് നറുക്കെടുപ്പില്‍ കിട്ടിയതാണ്. ഞാന്‍ ഫോണ്‍ വാങ്ങിച്ചിട്ടുമില്ല. എനിക്ക് ആരും തന്നിട്ടുമില്ല.  ഫോണ്‍ കിട്ടിയവരുടെ ചിത്രങ്ങളും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.

chandrika: