തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കാനുള്ള പ്രതിപക്ഷ നേതാവിന്റെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയനേയും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനേയും ഒന്നും രണ്ടും പ്രതികളാക്കിയാണ് ഹര്‍ജി നല്‍കിയത്. വിജിലന്‍സ് കോടതിക്ക് നേരിട്ട് കേസെടുക്കുന്നതില്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ വിജിലന്‍സ് കേസ് എടുക്കുന്നതിന് മുമ്പ് പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാറില്‍ നിന്ന് ലഭിക്കണം. ഇതിനായി പ്രതിപക്ഷനേതാവ് ഗവര്‍ണറെ സമീപിച്ചെങ്കിലും ഗവര്‍ണര്‍ ആവശ്യം തള്ളുകയായിരുന്നു.