X
    Categories: keralaNews

രമേശ് ചെന്നിത്തല സ്ത്രീകളെ അപമാനിച്ചു എന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്ത്രീകളെ അപമാനിച്ചു എന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐക്കാരന് മാത്രമേ പീഡിപ്പിക്കാവൂ എന്ന് വല്ലതും എഴുതിവെച്ചിട്ടുണ്ടോ? എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് വിവാദമായിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വിവാദമായത്.

എന്നാല്‍ എന്താണ് അദ്ദേഹത്തോട് ചോദിച്ച ചോദ്യം എന്ന് പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നില്ല. തിരുവനന്തപുരത്ത് പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ജിഒ അസോസിയേഷനോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അസോസിയേഷന്‍ എന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അംഗമാണ്, സജീവപ്രവര്‍ത്തകനാണ്. കോണ്‍ഗ്രസുകാരെല്ലാം ഇങ്ങനെ പീഡിപ്പിക്കാന്‍ ഇറങ്ങിയാല്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമോ ? ഇത്തരത്തില്‍ സ്ത്രീപീഡനത്തെ പാര്‍ട്ടിവല്‍ക്കരിച്ചുകൊണ്ടുള്ള ചോദ്യത്തോടുള്ള സാമാന്യ പ്രതികരണമാണ് ചെന്നിത്തല നടത്തിയത്.

സംഭവത്തെക്കുറിച്ച് ചെന്നിത്തലയുടെ വിശദീകരണം ഇങ്ങനെ…

”ഞാന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് എന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് ഞാന്‍ മറുപടി നല്‍കി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ഡിവൈഎഫ്‌ഐക്കാര്‍ മാത്രമല്ല, ഭരണപക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ഥത്തിലാണ് ഞാന്‍ പറഞ്ഞത്. എന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
സിപിഎം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ എന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും. കോവിഡ് രോഗികളായ രണ്ടു യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താല്പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.”

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: