X

ആത്മാഭിമാനമുള്ള ഒരു മലയാളിയും വര്‍ഗീയ മതിലിന്റെ ഭാഗമാകില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഏതാനും ഹിന്ദു സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നടത്തുന്നതു വര്‍ഗീയ മതില്‍ തന്നെയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, വനിതാ മതിലെന്ന പേരില്‍ നടത്തുന്ന വര്‍ഗീയ മതില്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച യു.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയമായ ചേരി തിരിവു സൃഷ്ടിക്കാനാണ് മതിലിലൂടെ ശ്രമിക്കുന്നത്. ആത്മാഭിമാനമുള്ള ഒരു മലയാളിയും ഈ മതിലിന്റെ ഭാഗമാകില്ല. നടി മഞ്ജുവാരിയര്‍ കാര്യങ്ങള്‍ മനസിലായതോടെ പിന്‍വാങ്ങി. മതിലുകള്‍ പൊളിക്കാനാണു പുതിയ കാലഘട്ടം ആവശ്യപ്പെടുന്നത്. ഒരു തവണയല്ല ആയിരം തവണ ഈ മതിലിനെ വര്‍ഗീയ മതിലെന്നു വിളിക്കാന്‍ പ്രതിപക്ഷം മടിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തിയാണ് ഇതിനായുള്ള യോഗം ചേര്‍ന്നത്. മുസ്‌ലീം, ക്രൈസ്തവ സംഘടനകളെ വിളിച്ചില്ല. നവോത്ഥാന മതിലാണെങ്കില്‍ എല്ലാ വിഭാഗക്കാരെയും വിളിക്കേണ്ടതല്ലേ. ചുരുക്കത്തില്‍ വര്‍ഗീയതയ്ക്കെതിരെ എന്നു വീമ്പു പറയുന്ന എല്‍ഡിഎഫ് ഹൈന്ദവ സംഘടനകളുമായി ചേര്‍ന്നു നടത്തുന്ന വര്‍ഗീയമതിലാണു ജനുവരി ഒന്നിനു നടക്കുന്നത്.190 ഹിന്ദു സംഘടനകളെ വിളിച്ചുവെങ്കിലും 80 സംഘടനകളാണു പങ്കെടുത്തത്. അതില്‍ പകുതിയും ഇപ്പോള്‍ പിന്‍മാറി കഴിഞ്ഞു. പ്രതിപക്ഷ ഇടപെടലിനെ തുടര്‍ന്നു ഇതിനായി ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ അതിലും സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്നു ചെന്നിത്തല ആരോപിച്ചു.
വനിതാ ശിശു വികസന വകുപ്പിനെ മതിലിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റ് അനക്സ് ഒന്നു പരിസരത്താണ് ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പണപിരിവ് നടത്താനായി ആര്‍.ടി.ഒ മാരെയും കലക്ടര്‍മാരെയും നിയോഗിച്ചിരിക്കുകയാണ്. അനധികൃതമായി പിരിവു നടത്തിയാല്‍ ഇവര്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും. ആശാവര്‍ക്കര്‍മാരെയും കുടുംബശ്രീക്കാരെയും തൊഴിലുറപ്പു തൊഴിലാളികളെയും മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. വി.എസിനെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത മതിലാണ് ഇപ്പോള്‍ സംഘടിപ്പിക്കാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

നവോത്ഥാനത്തിന്റെ പേരിലാണു മതിലെങ്കില്‍ പുരുഷന്‍മാരെ മാറ്റി നിര്‍ത്തേണ്ട കാര്യമെന്താണെന്നു മുന്‍മുഖ്യമന്തി ഉമ്മന്‍ചാണ്ടി ചോദിച്ചു. നവോത്ഥാനത്തില്‍ പുരുഷന്‍മാരും പങ്കാളികളാണ്. ഇതു ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന മതിലാണ്. ഇതു പൊളിഞ്ഞു പോകുമെന്ന കാര്യത്തില്‍ സംശയമില്ല. ശബരിമലയിലെ യുവതി പ്രവേശത്തിന്റെ പേരില്‍ രണ്ടു വോട്ടു കിട്ടുമോയെന്നു നോക്കാനാണു മതിലുമായി വരുന്നത്. ശബരിമല വിഷയത്തില്‍ പിടിവാശിയും ദുര്‍വാശിയും സര്‍ക്കാര്‍ ഉപേക്ഷിക്കണം. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെയും യുഡിഎഫ് പോകുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്സ് അധ്യക്ഷനായിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയും യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ ബീമാപള്ളി റഷീദ് സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍, യു.ഡി.എഫ് നേതാക്കളായ ഷിബു ബേബിജോണ്‍, എന്‍ ശക്തന്‍, തോന്നയ്ക്കല്‍ ജമാല്‍, കണിയാപുരം ഹലീം, ടി. ശരത്ചന്ദ്രപ്രസാദ്, തമ്പാനൂര്‍ രവി, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ മുസ്‌ലിംലീഗ് നേതാക്കളായ കരമന മാഹീന്‍, വിഴിഞ്ഞം റസാഖ്, എം.എ കരീം, അബ്ദുല്‍ഹാദി അല്ലാമ, ചാന്നാങ്കര എം.പി കുഞ്ഞ്, വള്ളക്കടവ് ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

chandrika: