കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ ന്യായമായ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒളിച്ചുകളി അവസാനിപ്പിച്ച് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാവണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജനങ്ങളുടെ ആശങ്കകള്‍ ഞാന്‍ പങ്കുവെക്കുമ്പോള്‍ എന്നെ രാജ്യദ്രോഹിയെന്നും വികസനവിരോധിയെന്നും വിളിച്ച് ആക്ഷേപിക്കുന്നു. ഇത് എന്റെ കുടുംബത്തെ ബാധിക്കുന്ന പ്രശ്‌നമല്ല. ഉത്തരവാദിത്വം നിറവേറ്റാതെ എന്നെ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്ന തോമസ് ഐസക്കിന്റെ നടപടി തരംതാഴ്ന്നതാണ്. ഞാന്‍ തിരിച്ച് അതിന് മുതിരുന്നില്ല.
എനിക്ക് വിവരമില്ലെന്ന് പറഞ്ഞ് നടക്കുകയാണ് ഐസക്. ഏതായാലും അദ്ദേഹത്തിന്റെ അത്ര വിവരം എനിക്കില്ല. ഞാന്‍ ധനതത്ത്വ ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. കയറില്‍ എനിക്ക് പി.എച്ച്.ഡിയില്ല എന്നത് സത്യമാണ്. അത് കൊണ്ട് എനിക്ക് വിവരം പഠിപ്പിക്കാന്‍ ഐസക് വരേണ്ട. തനിക്ക് മാത്രമെ കേരളത്തില്‍ വിവരമുള്ളൂ എന്ന ധാരണ അദ്ദഹം മാറ്റണം.
കേരളത്തിലെ ജനങ്ങളുടെ മേല്‍ ഏറ്റവും കൂടുതല്‍ പൊതുകടം കെട്ടിവെച്ച ഒരു ധനകാര്യമന്ത്രിയാണ് ഐസക്കെന്നും ചെന്നിത്തല പറഞ്ഞു.