തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെക്കൊണ്ട് ഐ ഫോണ്‍ ആരോപണം സിപിഎം പറയിപ്പിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആരോപണം ഉയര്‍ത്തി സിപിഎമ്മിനെ പ്രീതിപ്പെടുത്താനും സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപെടാനുമായിരുന്നു സന്തോഷിന്റെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് നോട്ടിസ് അയച്ചതായും ചെന്നിത്തല പറഞ്ഞു.
സന്തോഷ് കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ രേഖകളിലെ ഐ.എം.ഇ നമ്പര്‍ ഉപയോഗിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താന്‍ ഡി.ജി.പിയെ സമീപിച്ചതായും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്നാണ് പൊലീസ് നിലപാട്. വിഷയത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാകണമെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
ചെന്നിത്തലയ്ക്കുള്‍പ്പെടെ അഞ്ച് ഐ ഫോണ്‍ വാങ്ങി സ്വപ്നാ സുരേഷിനു കൈമാറിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി. ഇത് ഏറ്റുപിടിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. എന്നാല്‍ ഐ ഫോണ്‍ ലഭിച്ചതില്‍ ഒരാള്‍ കോടിയേരിയുടെ മുന്‍സ്റ്റാഫും അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറുമായ എ.പി.രാജിവനാണെന്നും കഴിഞ്ഞദിവസം ചെന്നിത്തല വെളിപ്പെടുത്തിരുന്നു.