X

വിശാല ജനാധിപത്യ മതേതര മുന്നണിയെ തകര്‍ത്തത് സി.പി.എം; രമേശ് ചെന്നിത്തല

കട്ടിപ്പാറ: ദേശീയ തലത്തില്‍ ഒരു വിശാല ജനാധിപത്യ മതേതര മുന്നണി രൂപപ്പെടാതെ പോയതിന് പ്രധാന കാരണം കേരളത്തിലെ സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയതലത്തില്‍ ഇടതുമായി സഖ്യസാധ്യത ഉണ്ടായപ്പോഴൊക്കെ അത് മുടക്കിയത് കേരളത്തിലെ സി.പി.എം നേതാക്കളാണ്. കോണ്‍ഗ്രസുമായി സഹകരിച്ച് വിശാല മതേതര മുന്നണി രൂപപ്പെടുത്തണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞത് യെച്ചൂരിയാണ്.ജനാധിപത്യ മതേതര ഐക്യത്തെ പൊളിച്ച ആളുകള്‍ തന്നെയാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കരുതെന്ന് പറഞ്ഞ്വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ കൊടുവള്ളി മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളതോടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ഗാന്ധിയുടെ വരവോടെ കേരളരാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവും. രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തോടെ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. ഉപരാഷ്ട്രപതിയെയും രാഷ്ട്രപതിയെയും സംഭാവന ചെയ്ത കേരളത്തില്‍ നിന്ന് ഇതുവരെ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി വയനാട്ടില്‍ നിന്നുണ്ടാവുന്ന ആവേശകരമായ ചിത്രമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

രാഹുല്‍ വയനാട്ടില്‍ വരുന്നത് എന്ത് സന്ദേശമാണ് നല്‍കുകയെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. പറയുന്നത്കേട്ടാല്‍ തോന്നുക സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് യാതൊരു ചലനങ്ങളുമുണ്ടാക്കാനാവില്ല. ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടപ്പെടുന്നത് ഒഴിവാക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.

ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് ഓടിപ്പോയതെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന പ്രധാനമന്ത്രി പദവിക്ക് നിരക്കാത്തതാണ്. വിവിധ ജാതി മതവിഭാഗങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ധീര പഴശ്ശി ഉള്‍പ്പെടെയുള്ള ധീരന്‍മാരുടെ നാടാണിത്. വയനാടിന്റെ മതേതരത്വവും മതസൗഹാര്‍ദ്ദവും ഇല്ലാതാക്കാനും മതങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വി.എം ഉമ്മര്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കണ്‍വീനര്‍ ഭരതന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സി.മോയിന്‍കുട്ടി, എം.എ റസാഖ് മാസ്റ്റര്‍, കെ.സി.അബു, നാസര്‍ എസ്‌റ്റേറ്റ്മുക്ക്, നജീബ് കാന്തപുരം, കെ.പി അനില്‍കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, അഡ്വ.പി.എം.നിയാസ്, പി.പി കുഞ്ഞായിന്‍, പോള്‍ മാസ്റ്റര്‍, ടി.കെ.മുഹമ്മദ് മാസ്റ്റര്‍, ഹംസഹാജി, പ്രേംജി ജെയിംസ്, പി.സി ഹബീബ് തമ്പി, അത്തിയത്ത്, സലീം പുല്ലടി, അനില്‍ ജോര്‍ജ്ജ്, ബിജു കണ്ണന്തറ, മുഹമ്മദ് മോയത്ത്, ഹാരിസ് അമ്പായത്തോട്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, എന്‍.ഡി ലൂക്ക സംസാരിച്ചു.

chandrika: