തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം നിലനില്‍ക്കുന്നുവെന്ന തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടമായത് ഗൗരവപൂര്‍വം പരിശോധിക്കും. ആത്മപരിശോധന നടത്തും. 28ന് യുഡിഎഫ് യോഗം ചേരും. തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
അരൂരിലേത് തിളക്കമാര്‍ന്ന വിജയമാണ്. പി എസ് കാര്‍ത്തികേയന്‍ 50കളില്‍ ജയിച്ചതിന് ശേഷം ആദ്യമായാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്നത്. കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടപ്പെട്ടത് ഗൗരവത്തോടെ കണക്കിലെടുക്കും. എല്ലാ മത വിഭാഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്‍ എസ് എസിന്റേത് സമദൂര സിദ്ധാന്തം തന്നെയാണ്. എന്‍ എസ് എസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അങ്ങനെ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. പരസ്യ പ്രതികരണങ്ങളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും മാറി നില്‍ക്കണം.
ദേശീയതലത്തില്‍ ബിജെപിക്ക് എതിരായ ശക്തമായ വികാരം ഉയര്‍ന്നുവരുന്നതിന്റെ സൂചനകളാണ് ഹരിയാന, മഹാരാഷ്ട്ര ഫലങ്ങളില്‍ കാണുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ചെന്നിത്തല പറഞ്ഞു.