X

ശബരിമല; തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയയത്തില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന്. അത് മനസിലാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ് ഒരു നിലപാടിലും ഉറച്ച് നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശബരിമല യുവതീ പ്രവേശന വിഷയം ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ബി അനുസരിച്ച് ശബരിമല തീര്‍ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ നിലവിലെ സുപ്രീംകോടതി വിധി നമുക്ക് മറികടക്കാന്‍ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ഥാടനം ഭരണഘടന അനുസരിച്ച് കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിര്‍മാണം നടത്താം. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് പറയുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ട് നിയമനിര്‍മാണം നടത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ ബിജെപിയും ശ്രീധരന്‍പിള്ളയും തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്രഗവണ്‍മെന്റാണെന്നും ഇക്കാര്യം ആവശ്യപ്പെടാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു

chandrika: