X

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്ന് ചെന്നിത്തല പറഞ്ഞു. കായംകുളം കൊലപാതകം കോണ്‍ഗ്രസിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു മണിക്കൂറുകള്‍ക്കകം പാളിപ്പോയ അനുഭവം ഇവിടെയും സംഭവിക്കും. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി നടത്തിയ അഭിപ്രായപ്രകടനം അനവസരത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.

രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാനാവില്ല എന്നാണ് കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പി. വ്യക്തമാക്കിയത്. കൊല നടത്താനുള്ളവരെ പോറ്റിവളര്‍ത്തുകയും ജയിലില്‍ ആകുമ്പോള്‍ അവര്‍ക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. സ്വര്‍ണകള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും പിന്‍വാതില്‍ നിയമനം ഉള്‍പ്പെടെ നാണക്കേടില്‍ മുഖം നഷ്ടപ്പെട്ട സിപിഎം രക്തസാക്ഷികളെ തേടി നടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിനായി നിഷ്പക്ഷമായ അന്വേഷണം നടത്തണം. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതകരിച്ചിരുന്നു.

chandrika: