X
    Categories: CultureMoreViews

വിദേശ വനിതയുടെ തിരോധാനം: പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചു- ചെന്നിത്തല

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലീസിനുണ്ടായ ഗുരുതരമായ വീഴ്ചയാണ് അവരുടെ ദുരൂഹ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവരെ കാണാനില്ലന്ന പരാതിയുമായി പൊലീസിനെ സമീപിച്ച സഹോദരിയോടും ഭര്‍ത്താവിനോടും തിരിച്ചെത്തിക്കോളുമെന്ന നിരുത്തരവാദപരമായ മറുപടിയാണ് പൊലീസ് നല്‍കിയതെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ ഒരു വിദേശ വനിതക്ക് ഉണ്ടായ ഈ ദുരന്തം ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണ്. നിയമസഭ നടക്കുന്ന സമയത്ത് ലിഗയുടെ സഹോദരി തന്നെ വന്നുകണ്ട് സഹായം ആവശ്യപ്പെട്ടു. ഉടന്‍ തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഡി.ജി.പിയെ വിളിച്ച് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വളരെ വൈകിയാണ് ലിഗയെ കണ്ടെത്താനുള്ള അന്വേഷണ സംഘം രൂപീകരിച്ചതെന്ന ലിഗയുടെ ബന്ധുക്കളുടെ പരാതി കേരളാ പൊലീസിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതാണ്. ആദ്യം ഈ പരാതി പൊലീസ് അര്‍ഹിക്കുന്ന ഗൗരവത്തോടെ എടുത്തിരുന്നെങ്കില്‍ ലിഗയെ ജീവനോടെ തന്നെ കണ്ടെത്താമായിരുന്നു. മുഖ്യമന്ത്രി ഇവരെ കാണാന്‍ തയാറാകാതിരുന്നതും തെറ്റായിപ്പോയി. ഒറ്റപ്പെട്ട, പരിചയമില്ലാത്ത സ്ഥലത്ത് ഇവര്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ വാദത്തില്‍ കഴമ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും പൊലീസ് കൃത്യമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: