കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച മാധ്യമസ്ഥാപനമാണ് ചന്ദ്രിക. പ്രതിവാര പത്രമായി 1934ല്‍ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ചന്ദ്രിക 1940കളില്‍ കോഴിക്കോട്ടെത്തിയതോടെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അധഃസ്ഥിതരുടെയും ജിഹ്വയായി മാറി. മഹാന്‍മാരായ കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും ദീര്‍ഘദര്‍ശിത്വത്തോടെ വളര്‍ത്തിയെടുത്ത ചന്ദ്രിക ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട മാധ്യമ സ്ഥാപനമായി മാറിയിരിക്കുകയാണ്.
ന്യൂനപക്ഷങ്ങളുടേയും ദളിത് പിന്നോക്ക വിഭാഗങ്ങളുടേയും ശബ്ദമായി മാറാന്‍ ചന്ദ്രികക്ക് കഴിഞ്ഞതാണ് അതിന്റെ എക്കാലത്തെയും വലിയ പ്രസക്തിയെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മുഖപത്രമായിരിക്കുമ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ചന്ദ്രിക എക്കാലത്തും സന്നദ്ധമായിരുന്നു എന്ന് അതീവ സന്തോഷത്തോടെ എനിക്ക് പറയാന്‍ കഴിയും. മതേതരത്വവും മതസൗഹാര്‍ദവും എക്കാലത്തും ചന്ദ്രികയുടെ പ്രാണവായുവായിരുന്നു. ഞാനടക്കമുള്ള എത്രയോ കോണ്‍ഗ്രസ് നേതാക്കളുടെ ലേഖനങ്ങള്‍ ചന്ദ്രിക വലിയ പ്രാധാന്യത്തോടെ എപ്പോഴും പ്രസിദ്ധീകരിക്കാറുള്ളതും ഞാനോര്‍ക്കുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധമാണ് ചന്ദ്രികയുമായി എനിക്കുള്ളത്. ദിവംഗതനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എനിക്ക് പകര്‍ന്നു നല്‍കിയിട്ടുള്ള സ്‌നോഹ വാത്സല്യങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. അതേപോലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നില്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സ്‌നേഹത്തിനും വിശ്വാസത്തിന് ഞാന്‍ അദ്ദേഹത്തോടെ ഏറെ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. പാണക്കാട് കുടുംബവും ചന്ദ്രികയും എനിക്ക് നല്‍കുന്ന സ്‌നേഹവാല്‍സല്യങ്ങള്‍ക്ക് നന്ദി പറയുന്നു. ചന്ദ്രിക എക്കാലവും എന്റെ പ്രിയപ്പെട്ട മാധ്യമം തന്നെയാണ്.