തിരുവനന്തപുരം: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതമാണെന്ന് ചെന്നിത്തല പറഞ്ഞു.
ബാബ്‌റി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുനമാണെന്ന് രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മസ്ജിദ് തകര്‍ത്തതു പോലെ ദുഖകരമാണ് ഈ വിധിയും.
‘രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്ന ബാബ്‌റി മസ്ജിദ് തകര്‍ക്കലിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നെന്ന് രാജ്യത്തെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. വര്‍ഗ്ഗീയത ആളിക്കത്തിച്ചുകൊണ്ടു രഥയാത്ര നടത്തുകയും കര്‍സേവയ്ക്ക നേതൃത്വം നല്‍കുകയും ചെയ്തത് അദ്വാനിയും കൂട്ടരുമാണെന്ന് രാജ്യത്തെ ജനങ്ങള്‍ കണ്‍മുമ്പില്‍ കണ്ടതാണ്. ഗൂഢാലോചനയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കുള്ള പങ്ക് ലിബര്‍ഹാന്‍ കമ്മീഷന്‍ അക്കമിട്ട് നിരത്തിയതുമാണ്. എന്നിട്ടും ഒന്നിനും തെളിവില്ലെന്നാണ് കോടതി വിധി’. ഈ വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ പോകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബാബറി മസ്ജിദ് വിധിക്കെതിരെ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. പ്രത്യേക കോടതി ജഡ്ജ് സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്.
രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം.
വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയവര്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.