തിരുവനന്തപുരം: കേരളത്തില്‍ പൂര്‍ണമായ ഭരണസ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്‌സിറ്റി, പി.എസ്.സി ക്രമക്കേടുകളില്‍ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വീണ്ടും അക്രമങ്ങള്‍ക്ക് പച്ചക്കൊടി കാട്ടാനാണെന്നും
യൂണിവേഴ്‌സിറ്റി കോളേജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഒരു ഫയല്‍ ഒരു ജീവിതമാണെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഭരണം തുടങ്ങിയത്. അതനുസരിച്ചാണെങ്കില്‍ 1,21,000 ജീവിതങ്ങളാണ് സെക്രട്ടേറിയറ്റില്‍ കെട്ടികിടക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ഇത് വ്യക്തമാക്കുന്നു.
പരീക്ഷാ തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ പേപ്പര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ കത്തിക്കുത്തിന് അറസ്റ്റിലായ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ കെട്ടുകളായാണ് കണ്ടെടുത്തത്. ഇതില്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ബി.എസ്.സിക്ക് രണ്ടാം റാങ്ക് കിട്ടിയ പ്രണവ് എന്ന കുട്ടിയ്ക്ക് സര്‍വകലാശാല നല്‍കിയ ആന്‍സര്‍ഷീറ്റും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. വന്‍പരീക്ഷാ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മറവില്‍ നഗ്‌നമായ പരീക്ഷാ തട്ടിപ്പാണ് എസ്.എഫ്.ഐ നേതാക്കള്‍ നടത്തി വന്നിരുന്നത്. ഇത്രയും വലിയ പരീക്ഷാ തട്ടിപ്പ് നടന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ല.
യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് രമേശ് ചെന്നിത്തല നടത്തിയത്. പരീക്ഷായൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ നടത്തിപ്പിലും പി.എസ്.സിയിലും ഒരു കുഴപ്പവുമില്ലെന്ന് വാദിക്കുന്ന മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആരെ സംരക്ഷിക്കാനാണ് അന്വേഷണം വേണ്ടെന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.