രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്
ഇതൊരു ചരിത്ര ദൗത്യമാണ്. അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് രാഷ്ട്രത്തിന്റെ അടിത്തറ ഇളക്കിയ ബി.ജെ.പി ഭരണത്തില്‍നിന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള ചരിത്ര നിയോഗമാണ് ഈ തെരഞ്ഞെടുപ്പ് നമുക്ക് നല്‍കിയിട്ടുള്ളത്. അനേക ലക്ഷം ദേശസ്‌നേഹികളുടെ ത്യാഗോജ്വല പോരാട്ടത്തിലൂടെയും സഹനസമരത്തിലൂടെയും ജീവത്യാഗത്തിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും മത സാഹോദര്യവും ബഹുസ്വരതയും ഇതേപോലെ നിലനില്‍ക്കണോ എന്ന കാതലായ ചോദ്യമുയരുമ്പോള്‍ അവ കാത്തുസൂക്ഷിക്കാനായി സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന കടമയാണ് രാജ്യസ്‌നേഹിയായ ഏതൊരു ഇന്ത്യന്‍ പൗരനുമുള്ളത്.
നരേന്ദ്ര മോദിയുടെ ഭരണംകൊണ്ട് നാശത്തിലേക്കും അസ്വസ്ഥതയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തിയ രാജ്യത്തെ വീണ്ടെടുക്കുന്നതിനും കെടുകാര്യസ്ഥതയും മുഷ്‌ക്കും ചോരക്കൊതിയും അവിവേകവും മാത്രം കൈമുതലാക്കി കേരളത്തെ തകര്‍ക്കുന്ന സംസ്ഥാനത്തെ പിണറായി സര്‍ക്കാരിന് താക്കീത് നല്‍കാനും കിട്ടുന്ന സുവര്‍ണ്ണാവസരമാണ് വോട്ടെടുപ്പ്. നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തിനുണ്ടാക്കിയ ആപത്ത് വിവരണാതീതമാണ്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാവുകയും രാജ്യം ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുകയും കടംകയറി കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ നടത്തുകയും ചെയ്തപ്പോള്‍ മോദിയുടെ സുഹൃത്തുക്കളായ ഏതാനും കോര്‍പറേറ്റ് മുതലാളിമാര്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കയ്യടക്കി തടിച്ചുകൊഴുത്തു.
രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് വീമ്പിളക്കിയ നരേന്ദ്രമോദിയുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവന്നതാണ് റഫാല്‍ യുദ്ധവിമാന ഇടപാട്. പ്രതിരോധ മന്ത്രിയെപ്പോലും നോക്കുകുത്തിയാക്കി മോദി സുഹൃത്തായ അനില്‍ അംബാനിയുടെ റിലയന്‍സിന് നാടിന്റെ പണം കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. യു.പി.എ കാലത്ത് 570 കോടി രൂപക്ക് വാങ്ങാന്‍ നിശ്ചയിച്ചിരുന്ന റഫാല്‍ യുദ്ധവിമാനങ്ങള്‍ മൂന്നിരട്ടി തുകയായ 1760 കോടിക്ക് വാങ്ങാനാണ് മോദി കരാറുണ്ടാക്കിയത്. ഇതുവഴി 30,000 കോടി രൂപ റിലയന്‍സിന്റെ പോക്കറ്റിലെത്തി. ബാങ്കുകളെ കബളിപ്പിച്ച് ശതകോടികളുമായി വിദേശത്തേക്ക്കടന്ന വിജയ്മല്യ, നീരവ്‌മോദി, ലളിത് മോദി തുടങ്ങിയവര്‍ നരേന്ദ്രമോദിയുടെ അടുപ്പക്കാരാണ്. കൃഷിയിറക്കാനെടുത്ത പണം തിരിച്ചടയ്ക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് ഇവര്‍ ലക്ഷക്കണക്കിന് കോടികളുമായി സുരക്ഷിതമായി രാജ്യംവിട്ടത്. അവര്‍ക്ക് രാജ്യം വിടാനുള്ള ഒത്താശ ചെയ്തത് മോദി സര്‍ക്കാരാണ്. 15 ശതകോടീശ്വരന്മാര്‍ക്ക് മൂന്നര ലക്ഷം കോടിയുടെ ഇളവുകളാണ് അഞ്ചു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ നല്‍കിയത്.
ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയുമാണ് ബി.ജെ.പി ഭരണത്തിന്കീഴില്‍ സംഘ്പരിവാര്‍ ശക്തികള്‍ ചെയ്തത്. പശുവിന്റെ പേരില്‍ പട്ടാപ്പകല്‍ തെരുവില്‍ ആളുകളെ അടിച്ചുകൊല്ലാന്‍ സംഘ്പരിവാറിന്റെ ഗോരക്ഷാസംഘങ്ങള്‍ എന്ന ഗുണ്ടാസംഘങ്ങള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. പശുവിന്റെ പേരില്‍ മാത്രം 28 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെങ്ങും സാംസ്‌ക്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ചിന്തകരും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ബാംഗ്ലൂരിലെ പ്രശസ്ത പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നിഷ്ഠൂരമായാണ് വെടിവച്ചുകൊന്നത്. ജെ.എന്‍.യു പോലെ ഇന്ത്യയിലെ എണ്ണം പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം ചീറ്റി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞാണ് കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. വിദേശത്ത്‌നിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഒരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നത് പോലുള്ള കള്ള വാഗ്ദാനങ്ങള്‍ നല്‍കി. അധികാരം കിട്ടിയാല്‍ ആധാര്‍ നുള്ളിക്കീറി കുട്ടയിലിടും എന്ന് പ്രസംഗിച്ച മോദി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കി. ജി.എസ്.ടി ഇന്ത്യയെ പിന്നോട്ടടിക്കുമെന്ന് പ്രസംഗിച്ചു നടന്ന മോദി അധികാരത്തിലേറിയപ്പോള്‍ ഏറ്റവും വികൃതമായ രീതിയില്‍ അത് നടപ്പാക്കി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ചു. ജി. എസ്.ടി വരുന്നതോടെ വില കുറയുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വന്‍ വിലക്കയറ്റമാണ് അത് സൃഷ്ടിച്ചത്. പെട്രോള്‍ വിലവര്‍ധനവിനെതിരെ പ്രതിപക്ഷത്തായിരിക്കെ കാളവണ്ടി യാത്ര നടത്തി പ്രതിഷേധിച്ച മോദി അധികാരത്തിലേറിയപ്പോള്‍ പെട്രോളിന്റെ പേരില്‍ ഏറ്റവും വലിയ കൊള്ള നടത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില ഇടിയുന്നതനുസരിച്ച് ഇന്ത്യയില്‍ പെട്രോളിയം വില കുത്തനെ കൂട്ടി. ഇതിനായി എക്‌സൈസ് തീരുവ പത്തിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. ഏതാണ്ട് രണ്ടുലക്ഷത്തോളംകോടി രൂപയാണ് പെട്രോളില്‍നിന്നും ഡീസലില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ നികുതി ഇനത്തില്‍ ജനങ്ങളില്‍നിന്ന് പിഴിയുന്നത്. പെട്രോളിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും സംസ്ഥാനത്തെ ഇടതുസര്‍ക്കാരും ഒറ്റക്കെട്ടാണ്. കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോഴൊക്കെ അതിന്റെ വിഹിതം സന്തോഷപൂര്‍വം സംസ്ഥാനവും വാങ്ങി പോക്കറ്റിലിട്ടു.
500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാരിന്റെ ഭ്രാന്തന്‍ നടപടി രാജ്യത്തിന് സൃഷ്ടിച്ച ആഘാതം വളരെ വലുതാണ്. ഒരു നേരത്തെ ആഹാരത്തിനുള്ള പണത്തിനായി ജനം നെട്ടോട്ടമോടി. നോട്ട് മാറിയെടുക്കാനുള്ള ക്യൂവില്‍നിന്ന് മരണടഞ്ഞവര്‍ 150 പേരാണ്. 50 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ട്. നോട്ട് നിരോധനം കാരണം രാഷ്ട്രത്തിനുണ്ടായ നഷ്ടം 1.28 ലക്ഷം കോടിയാണ്. കാര്‍ഷികരംഗം താറുമാറായി. ചെറുകിട വ്യവസായികളും വ്യാപാരികളും കുത്തുപാളയെടുത്തു. അടിസ്ഥാന വിഭാഗങ്ങള്‍ തകര്‍ന്നടിഞ്ഞു. ബി.ജെ.പിക്കാര്‍ നോട്ട് നിരോധനത്തിന്റെ മറവില്‍ നടത്തിയ കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മോദിയുടെ സുഹൃത്തുക്കളായ കോര്‍പറേറ്റ് മുതലാളിമാര്‍ തടിച്ചുകൊഴുക്കുമ്പോള്‍ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്യേണ്ടിവന്നു. വര്‍ഷം 12,500 കര്‍ഷകര്‍ മോദി സര്‍ക്കാരിന്കീഴില്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. വിലയിടിവ് കാരണം കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിക്കേണ്ടിവന്ന മറ്റൊരു കാലഘട്ടമില്ല. സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങളെയും റിസര്‍വ്ബാങ്ക്, സി.ബി.ഐ പോലുള്ള ഉന്നത സ്ഥാപനങ്ങളെയും കൈപ്പിടിയില്‍ ഒതുക്കി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ജെ.എന്‍.യു, പൂനാഫിലം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പോലും വിദ്വേഷത്തിന്റെ വിഷം ചീറ്റി.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ മറ്റൊരു പതിപ്പാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. അസഹിഷ്ണുതയും ചോരക്കൊതിയും തന്നെയാണ് സി.പി.എമ്മിന്റെയും മുഖമുദ്ര. പിണറായി അധികാരമേറ്റ അന്ന് തുടങ്ങിയ രാഷ്ട്രീയ കൊലപാതക പരമ്പരക്ക് അറുതിയില്ല. ഇതിനകം കൊല്ലപ്പെട്ടത് 29 പേരാണ്. ഏറ്റവും ഒടുവില്‍ പെരിയയില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്തത്തില്‍ ചവിട്ടിനിന്നാണ് സി.പി.എം വോട്ട് ചോദിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയ കൊലപാതകങ്ങളില്‍ മത്സരിക്കുകയാണ്. ക്രമസമാധാനനില പരിപാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണമായാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത ദിവസങ്ങളില്ല. നടുറോഡിലും ക്ലാസ് മുറികളിലും മാത്രമല്ല, വീടുകളില്‍ കയറിപോലും പെണ്‍കുട്ടികളെ പെട്രോളൊഴിച്ച് കത്തിച്ചുകൊല്ലുന്നത് നിത്യസംഭവങ്ങളായി. യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലുകയും മര്‍ദ്ദിച്ചവശരാക്കുകയും ചെയ്യുന്നു. നാട് നീളെ ഗുണ്ടാവിളയാട്ടവും മയക്കുമരുന്ന് കച്ചവടവും പൊടി പൊടിക്കുന്നു. സ്ത്രീ സുരക്ഷയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അധികാരത്തില്‍വന്ന പിണറായി സര്‍ക്കാരിന്കീഴില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടായി. പിഞ്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഢിപ്പിക്കപ്പെട്ടു. സി.പി.എം ഓഫീസിനുള്ളില്‍നിന്നുള്ള പീഢന കഥകള്‍ പോലും പുറത്തുവന്നു. പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങള്‍പോലും ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നു. നിഷ്‌ക്രിയത്വം അല്ലെങ്കില്‍ അതിക്രമം എന്നതായി പിണറായിക്ക് കീഴില്‍ പൊലീസിന്റെ ശൈലി. പൊലീസ് ലോക്കപ്പുകള്‍ കുരുതിക്കളങ്ങളായി. ഈ സര്‍ക്കാരിന് കീഴില്‍ കസ്റ്റഡിയില്‍ മരിച്ചവരുടെ എണ്ണം 12 ആണ്.
കേരളത്തിന് പാഴായിപ്പോയ ആയിരം ദിവസങ്ങളാണ് പിണറായി സര്‍ക്കാരിന് കീഴില്‍ കടന്നുപോയത്. വികസ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. പുതിയ പദ്ധതികളില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ അഴിമതിയില്ലാതെ കൃത്യസമയത്ത് പണി തീര്‍ത്തുതരാന്‍ മുന്നോട്ട്‌വന്ന രാജ്യത്തിന്റെ അഭിമാനമായ മെട്രോമാന്‍ ഇ. ശ്രീധരനെ ഓടിച്ചുവിട്ട സര്‍ക്കാര്‍ ആ പദ്ധതികളെ കുഴിച്ചുമൂടി. കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായ വിഴിഞ്ഞം തുറമുഖ പദ്ധതി ഇഴയുകയാണ്. പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം സാമ്പത്തികമായി സംസ്ഥാനത്തിന്റെ അടിത്തറ ഇളകി. കടം കയറി സംസ്ഥാനം മുടിഞ്ഞു. 43,708 കോടി രൂപയാണ് ഈ സര്‍ക്കാര്‍ കടം വാങ്ങിയത്. നിത്യനിദാന ചിലവുകള്‍ക്ക് പോലും കടം വാങ്ങേണ്ട ഗതികേടിലാണ് സംസ്ഥാന സര്‍ക്കാര്‍. ട്രഷറികളില്‍ പ്രവര്‍ത്തനം നിലച്ച അവസ്ഥയായിരുന്നു. സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 66 ശതമാനമായിരുന്നു പദ്ധതി നിര്‍വഹണം. അടുത്ത കാലത്തൊന്നും പദ്ധതി നിര്‍വഹണം ഇങ്ങനെ തകര്‍ന്നിട്ടില്ല. പിടിപ്പുകേടും നോട്ടക്കുറവും അലംഭവവും കാരണം രണ്ട് മഹാദുരന്തങ്ങള്‍ പിണറായി സര്‍ക്കാര്‍ വരുത്തിവച്ചു. 2017 നവംബര്‍ 30 ന് കേരള തീരത്തെ തകര്‍ത്തെറിഞ്ഞ ഓഖി ചുഴലിക്കാറ്റും 2018 ആഗസ്റ്റ് 15,16,17 തീയതികളില്‍ കേരളത്തെ വിഴുങ്ങിയ മഹാപ്രളയവും. ഓഖി കൊടുങ്കാറ്റിന്റെ വരവ് സംബന്ധിച്ച ആവര്‍ത്തിച്ചുള്ള മുന്നറിയപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. ഇത് കാരണം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് കടലില്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. 51 പേര്‍ മരിച്ചെന്നും 95 പേരെ കാണാനില്ലെന്നുമാണ് ഔദ്യോഗിക കണക്ക്. ഓഖി ദുരന്തത്തിന്‌ശേഷം സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞെങ്കിലും ഒന്നും നടപ്പാക്കിയില്ല. 2000 കോടി രൂപയുടെ തീരദേശ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഒരു പൈസ ചിലവാക്കിയില്ല. കേന്ദ്രം അനുവദിച്ച സഹായംപോലും ചിലവഴിക്കാത്ത നിരുത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയത്. ഇത് കാരണം 143.53 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് തിരിച്ചെടുക്കേണ്ടവന്നു.
നിയമാനുസൃതമായ മുന്‍കരുതലുകളെടുക്കാതെ ഡാമുകളെല്ലാം ഒന്നിച്ചു തുറന്നുവിട്ട സര്‍ക്കാരിന്റെ വിവേകശൂന്യമായ നടപടിയാണ് മഹാപ്രളയത്തിന് കാരണമായത്. ദുരന്തം മനുഷ്യ നിര്‍മിതമാണെന്ന പ്രതിപക്ഷ ആരോപണം പൂര്‍ണ്ണമായി ശരിവെക്കുന്നതാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂരി റിപ്പോര്‍ട്ട്. പെരുമഴയില്‍ ഡാമുകള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് അമിക്കസ് ക്യൂരി കണ്ടെത്തിയത്. ഡാമുകള്‍ തുറക്കുന്നതിന്മുമ്പ് ബ്ലൂ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കണമെന്നാണ് നിബന്ധനയെങ്കിലും അതൊന്നുമുണ്ടായില്ല. അര്‍ധരാത്രി വീടുകളില്‍ ഉറങ്ങിക്കിടന്ന ആളുകളുടെ തലക്കു മുകളിലേക്ക് പ്രളയ ജലം കുതിച്ചെത്തുകയായിരുന്നു. ജീവനും കയ്യിലെടുത്താണ് ജനം പരക്കം പാഞ്ഞത്. 483 പേര്‍ മരണമടയുകയും 14 പേരെ കാണാതാവുകയും ചെയ്തു. പതിനാലര ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. 30,000 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടായി. ഈ ദുരന്തത്തിനുത്തരവാദി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്.
ദുരന്തങ്ങള്‍ വരുത്തിവച്ചത്‌പോലെ പൊറുക്കാനാവാത്ത വീഴ്ചയാണ് അവയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഉണ്ടായത്. പ്രളയത്തില്‍ സര്‍വ്വതും നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയില്ല. കൃഷിക്കാര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ട ദയനീയാവസ്ഥ ഉണ്ടായി. ജനുവരിക്ക് ശേഷം ഇടുക്കിയില്‍ മാത്രം 8 കര്‍ഷകര്‍ ഉള്‍പ്പടെ സംസ്ഥാനത്ത് 15 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞുകിട്ടിയ തുക പോലും ചിലവഴിച്ചില്ല. പുതിയ കേരള നിര്‍മിതിക്കുള്ള വാചകമടിയും ചര്‍ച്ചയും മാത്രമാണ് ആകെ നടക്കുന്നത്. പ്രാപ്തിയില്ലാത്ത ഒരു സര്‍ക്കാര്‍ നാടിന് എങ്ങനെ ആപത്തായി മാറുന്നു എന്നാണ് ഈ ദുരന്തങ്ങള്‍ പഠിപ്പിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടു സുപ്രീം കോടതി വിധി ഉണ്ടായപ്പോള്‍ വിവേകപൂര്‍വം ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ അത് ആളിക്കത്തിക്കുകയാണ് സര്‍ക്കാര്‍ ചെയതത്. അതോടെ ശബരി മല സംഘര്‍ഷ ഭൂമിയായി. ശബരിമല പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് നിയമനിര്‍മ്മാണം നടത്തിക്കുകയോ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയോ ചെയ്യാതിരുന്ന ബി.ജെ.പി ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണ്. ആചാര സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് കോണ്‍ഗ്രസ് മാത്രമാണ്.
ഈ പശ്ചാത്തലത്തിലാണ് ദേശീയ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ മടങ്ങിവരവ് രാജ്യത്ത് പ്രകമ്പനം കൊള്ളിക്കുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാഗാന്ധി കൂടി എത്തിയോടെ കോണ്‍ഗ്രസ് തരംഗം രാജ്യത്ത് ആഞ്ഞുവീശുന്നു. ദാരിദ്ര്യം തുടച്ചുമാറ്റുന്നതിന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി രാഷ്ട്രത്തിന് പുതിയ ആശ നല്‍കിയിരിക്കുയാണ്. പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പാക്കി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. 5 കോടി നിര്‍ദ്ധന കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രഗത്ഭ സാമ്പത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയ്യാറാക്കിയ പദ്ധതി രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണ്ണായക നാഴികക്കല്ലായിരിക്കും.