തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും ഇടതു സര്‍്ക്കാറിനുമെതിരെ തുറന്നടിച്ച ഷാഫി പറമ്പില്‍ എംഎല്‍എയുടെ നിയമസഭയില്‍ പ്രസംഗത്തിന് പിന്നാലെയാണ് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ എറ്റുമുട്ടിയത്.
ഷാഫി പറമ്പിലിന്റെ പ്രസംഗത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ പെരുമാറ്റത്തെച്ചൊല്ലിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിയമസഭയില്‍ വാക്ക്‌പോരിലേക്ക് നീങ്ങിയത്. ഗണേഷ് കുമാര്‍ സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഇതിനെ പ്രതിരോധിച്ചെത്തിയ മുഖ്യമന്ത്രിയോട് ഭീഷണിയൊന്നും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തെ കുറ്റപ്പെടുത്തുകയാണുണ്ടായത്. ഇതോടെ സഭാതലം വാഗ്വാദത്തിലേക്കും തര്‍ക്കത്തിലേക്കും നീങ്ങി.
പറയുമ്പോള്‍ എല്ലാം പറയണം എന്നാണ് ചെന്നിത്തല തുറന്നടിച്ചത്. ഗണേഷ് കുമാര്‍ പ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷം അത് കേട്ടുകൊണ്ടിരിക്കയായിരുന്നെന്നും എന്നാല്‍ പ്രതിപക്ഷ അംഗം സംസാരിക്കുമ്പോള്‍ ഭരണപക്ഷങ്ങള്‍ ആക്രോശിക്കുകയായിരുന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതൊന്നും എന്തുകൊണ്ടും താങ്കള്‍ കാണുന്നില്ലെന്നും പ്രതിപക്ഷനേതാവ് സ്പീക്കറോട് ചോദിച്ചു. ഒടുവില്‍ എല്ലാം പരിശോധിക്കാമെന്ന സ്പീക്കറുടെ ഉറപ്പിലാണ് രംഗം ശാന്തമായത്.
സ്വര്‍ണക്കേസില്‍ എം.ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര്‍ മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. എന്‍ഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്കുമാത്രമാണെന്നും ഷാഫി പരിഹസിച്ചു.
കേരളത്തിലെ യുവാക്കളുടെ പ്രശ്‌നം എണ്ണി ചോദിച്ച ഷാഫി പറമ്പില്‍, കേരളത്തിലെ എല്ലാ ചെറുപ്പക്കാര്‍ക്കും സ്വപ്നയാകാന്‍ പറ്റില്ലെന്നും കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്‍ ഇ.പി ജയരാജനല്ലെന്നും പറഞ്ഞു. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല. അവര്‍ പഠിച്ചെഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണ് ചോദിക്കുന്നത്. ജോലി ബക്കറ്റിലെടുത്ത് വച്ചിട്ടുണ്ടോ എന്നാണ് പിഎസ്സി ചോദിക്കുന്നത്. ‘സ്വപ്ന’മാര്‍ക്കുള്ള ജോലി എടുത്ത വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി ചോദിച്ചു. പ്രസംഗത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ നേരെ നടക്കുന്ന സൈബര്‍ ആക്രണമങ്ങളെ കുറിച്ച് വീണാ ജോര്‍ജ് പ്രതികരിച്ചില്ലെന്ന ഷാഫിയുടെ പരാമര്‍ശവും സഭയില്‍ തര്‍ക്കത്തിന് ഇടയാക്കി.