തിരുവനന്തപുരം: പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഒരു മറുപടിയും പറഞ്ഞില്ലെന്നും ജനങ്ങളില്‍നിന്ന് ഒളിച്ചോടുന്ന സ്ഥിതിവിശേഷമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടോളം അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഇന്ന് ഉന്നയിച്ചത്. അവിശ്വാസപ്രമേയത്തിലൂടെ സര്‍ക്കാരിനെ തുറന്നുകാട്ടുകയാണ് പ്രതിപക്ഷം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം ബഡ്ജറ്റ് പ്രസംഗം പോലെ നീണ്ടുപോയതല്ലാതെ കാതലായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല.
സ്പ്രിംക്ലര്‍, മണല്‍ക്കടത്ത്, സിവില്‍ സപ്ലൈസ് അഴിമതി, വിമാനത്താവളം തുടങ്ങിയവ അടക്കമുള്ള ആരോപണങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ലെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ കണ്ണായ ഭൂമി വിറ്റുതുലയ്ക്കാനുള്ള നീക്കത്തെക്കുറിച്ച് താനുന്നയിച്ച ആരോപണത്തിനും മറുപടി നല്‍കിയില്ല. കിണര്‍ റീച്ചാര്‍ജിങ്ങും കുളം കുഴിച്ചതുമൊക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായി ഒരു വാചകം പോലും ഇന്നത്തെ പ്രസംഗത്തില്‍ പറഞ്ഞില്ല. അടിയന്തിരാവസ്ഥയടക്കം പഴയ കാര്യങ്ങള്‍ പലതും പറഞ്ഞു. എന്നാല്‍ മോദിയെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായില്ല.