ന്യൂഡൽഹി: യോഗഗുരു ബാബാ രാംദേവിന്റെ ബിസിനസ് സംരഭമായ പതഞ്ജലി സാമ്പത്തിക തകർച്ചയിലേക്കെന്ന് റിപ്പോർട്ട്. നരേന്ദ്ര മോദി സർക്കാറിന്റെ പൂർണ ഒത്താശയോടെ ആരംഭിച്ച ഉപഭോക്തൃ ഉൽപ്പന്ന സാമ്രാജ്യത്തിന്റെ ജനപ്രിയത നഷ്ടപ്പെട്ടതായും, കെടുകാര്യസ്ഥതയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും രാംദേവിന് തിരിച്ചടിയാകുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യോഗാഭ്യാസങ്ങളിലൂടെ ഉത്തരേന്ത്യയിൽ പരിചിതമുഖമായി മാറിയ രാംദേവ് തന്റെ സന്തത സഹചാരി ആചാര്യ ബാൽകൃഷ്ണക്കൊപ്പമാണ് പതഞ്ജലിക്ക് തുടക്കമിട്ടത്. സ്വദേശി ഉൽപ്പന്നങ്ങൾ, ആയുർവേദ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വഴി പതഞ്ജലി വിപണിയിലെ മുൻനിരക്കാർക്കു തന്നെ ഭീഷണിയുയർത്തി. നരേന്ദ്ര മോദി സർക്കാർ ആനുകൂല്യങ്ങളും സൗകര്യങ്ങളും വാരിക്കോരി നൽകിയതോടെ യോഗഗുരുവിന്റെ സാമ്രാജ്യം തുടക്കത്തിൽ നല്ല കുതിപ്പാണ് കൈവരിച്ചത്.
തന്റെ കമ്പനി രംഗപ്രവേശം ചെയ്തതോടെ രാജ്യത്ത് വിപണിയിലുള്ള ബഹുരാഷ്ട്ര കമ്പനികൾ പൂട്ടിപ്പോകേണ്ടി വരുമെന്ന് രാംദേവ് 2017-ൽ അവകാശവാദം ഉന്നയിച്ചിരുന്നു. 2018 മാർച്ചിൽ പതഞ്ജലിയുടെ വിറ്റുവരവ് 20,000 കോടി രൂപ പിന്നിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2017-18 സാമ്പത്തിക വർഷത്തിൽ 8,100 കോടി രൂപയുടെ വിറ്റുവരവേ പതഞ്‌ലിക്കുണ്ടായുള്ളൂ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ വളർച്ച വീണ്ടും കുറഞ്ഞു 4,700 കോടിയിലേക്കു വീണു. ബിസിനസ് രംഗത്തെ പരിചയക്കുറവും തെറ്റായ നീക്കങ്ങളും പതഞ്ജലി ഉൽപ്പന്നങ്ങളുടെ നിലവാരം ഇടിഞ്ഞതും ഇതിന് കാരണമായതായി റോയിട്ടേഴ്‌സ് വിലയിരുത്തുന്നു. 2016-ലെ നോട്ടുനിരോധവും പിന്നാലെ വന്ന ജി.എസ്.ടി നടപ്പാക്കലും മറ്റുപല ബിസിനസ് സംരംഭങ്ങളെയും പോലെ പതഞ്ജലിയുടെയും നടുവൊടിച്ചെന്ന് കണക്കുകളിൽ നിന്നു വ്യക്തമാവുന്നു.
രാജ്യമെങ്ങും 3,500 വിതരണക്കാരും 47,000 റീട്ടെയിൽ കൗണ്ടറുകളുമാണ് പതഞ്ജലിക്കുള്ളത്. ഇവയിൽ മിക്കതും നഷ്ടം ഒഴിവാക്കാൻ മറ്റ് ഉൽപ്പന്നങ്ങൾ കൂടി വിറ്റു തുടങ്ങിയിട്ടുണ്ട്. ടി.വി പരസ്യങ്ങളിൽ ചിരിച്ചു പ്രത്യക്ഷപ്പെടുന്ന രാംദേവിന് വിപണിയിൽ തന്റെ ഉൽപ്പന്നത്തെ താങ്ങിനിർത്താൻ കഴിയുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടി്കാട്ടുന്നു.
ഗതാഗത പങ്കാളികളുമായി ദീർഘകാല കരാർ ഉണ്ടാക്കാതിരുന്നത് ഉൽപ്പനങ്ങൾ സമയത്ത് എത്തിക്കുന്നതിൽ വീഴ്ചയുണ്ടാക്കിയതായി പതഞ്ജലിയിലെ മുൻ ജോലിക്കാർ പറയുന്നു. കച്ചവടത്തിന്റെ തൽസ്ഥിതി മനസ്സിലാക്കാൻ പറ്റിയ സോഫ്റ്റ്‌വെയർ ഇല്ലാത്തതും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതും തിരിച്ചടിയായി. 2,500-ലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് പതഞ്ജലി വിൽക്കുന്നത്. ഉൽപ്പന്നങ്ങളുടെ എണ്ണം വർധിപ്പിച്ചപ്പോൾ ഗുണമേന്മയിൽ കുറവുണ്ടായി. പതഞ്ജലി ഉൽപ്പന്നങ്ങളിൽ അനുവദനീയമല്ലാത്ത ചേരുവകൾ കണ്ടെത്തിയത് നേപ്പാളിലെ കച്ചവടത്തെ ബാധിച്ചു.
ഉൽപ്പന്നങ്ങളുടെ എണ്ണം വർധിച്ചപ്പോൾ പതഞ്ജലിയുടെ ഫാക്ടറികളിൽ അവ നിർമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതെ വന്നു. ഇതോടെ പുറത്തുനിന്നുള്ളവരെ ആശ്രയിക്കേണ്ടി വന്നു, നിലവിൽ പതഞ്ജലിയുടെ പല ഉൽപ്പന്നങ്ങളും മറ്റുള്ളവർ നിർമിച്ച് പതഞ്ജലിയുടെ പേരിൽ വിൽക്കുന്നവയാണ്. മഹാരാഷ്ട്രയിൽ 2017 ഏപ്രിലിലും ഡെൽഹിയിൽ 2016-ലും സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ച ഫാക്ടറികൾ ഇനിയും സ്ഥാപിതമായിട്ടില്ല.
പ്രതിസന്ധി രൂക്ഷമായതോടെ പരസ്യത്തിനായി ചെലവഴിക്കുന്ന തുകയിലും പതഞ്ജലി കുറുവു വരുത്തി. 2016-ൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ പരസ്യക്കാരായിരുന്ന രാംദേവിന്റെ കമ്പനിക്ക് കഴിഞ്ഞ വർഷത്തിൽ ആദ്യ പത്തിൽ പോലും വന്നില്ല.
അതിനിടെ, ബി.ജെ.പിയുമായി അകന്നതും ബാബ രാംദേവിന് തിരിച്ചടിയാകുന്നു എന്നാണ് സൂചന. നോട്ട് നിരോധനത്തിനും ജി.എസ്.ടി നടപ്പാക്കലിനുമെതിരെ രാംദേവ് സംസാരിച്ചത് ബി.ജെ.പിയിൽ വലിയൊരു വിഭാഗത്തിന്റെ അതൃപ്തിക്കു കാരണമായി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാംദേവ് ബി.ജെ.പിയെ പിന്തുണച്ചിരുന്നുവെങ്കിലും ആർ.എസ്.എസ്സിന്റെ പിന്തുണ തിരിച്ചുപിടിക്കാൻ യോഗഗുരുവിന് കഴിഞ്ഞിട്ടില്ല.