X

ബി.ജെ.പി കേന്ദ്രങ്ങളില്‍ ഞെട്ടല്‍; രാഹുല്‍ പക്വതയുളള നേതാവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ. രാഹുല്‍ഗാന്ധി പക്വതയുള്ള നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് രാഹുലിനെ പിന്തുണച്ച് മന്ത്രി രംഗത്തെത്തിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അദ്ദേഹം.

‘സോഷ്യല്‍ മീഡിയ കളിയാക്കുന്നത് പോലെ രാഹുലിനെ ഇനിയും പപ്പുമോനെന്ന് വിളിക്കാനാവില്ല. പക്വതയുള്ള ഒരു നേതാവായി അദ്ദേഹം വളര്‍ന്നിരിക്കുന്നു’- രാംദാസ് പറഞ്ഞു. തന്റെ മണ്ഡലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് സംസ്ഥാനങ്ങളിലും മികച്ച വിജയമാണ് രാഹുല്‍ ഗാന്ധി നേടിയിരിക്കുന്നത്. പപ്പുവെന്ന് വിളിച്ച് കളിയാക്കിയിരുന്ന അദ്ദേഹം ഇന്ന് പക്വതയുള്ള ഒരു നേതാവായി വളര്‍ന്നിരിക്കുന്നു. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ തോല്‍വി ബി.ജെ.പിക്ക് മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്‍.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒഫ് ഇന്ത്യ(എ) നേതാവായ രാംദാസ് നടത്തിയ പ്രസ്താവന ബി.ജെ.പി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുന്ന സമയത്ത് സര്‍ക്കാരിന്റെ ഭാഗമായ ഒരു നേതാവ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന നിലപാടിലാണ് നേതൃത്വം. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്താന്‍ ബി.ജെ.പി നേതാക്കളാരും തയ്യാറായിട്ടില്ല.

chandrika: