ശ്രീരാമനോടും ഹനുമാനോടും ഉള്ള ഭക്തി ബിജെപിയുടെ കുത്തകയല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്ത് ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ബി.ജെ.പി അണികളോട് ചുറ്റും നോക്കി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ പറഞ്ഞതിന് പിറകെയാണ് ഉമാഭാരതി പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കിയത്.
സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന നേതാക്കളില്‍ ഒരാളുമായ ഇവര്‍, തന്നെ മാറ്റിനിര്‍ത്തിയതില്‍ പാര്‍ട്ടി നേതൃത്വത്തോട് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശത്തെ അവര്‍ പിന്തുണച്ചു.വനവാസകാലത്ത് ആയുധം ഉപേക്ഷിക്കില്ലെന്ന് ശ്രീരാമന്‍ പോലും പ്രതിജ്ഞയെടുത്തു, ആയുധം സൂക്ഷിക്കുന്നത് തെറ്റല്ല, അക്രമാസക്തമായ ചിന്തകള്‍ ഉള്ളത് തെറ്റാണെന്നും അവര്‍ പറഞ്ഞു.
‘പത്താന്‍’ എന്ന സിനിമയെച്ചൊല്ലിയുണ്ടായ കോലാഹലത്തില്‍, പ്രതിഷേധത്തിന്റെ ആവശ്യകതയെ ഉമാഭാരതി ചോദ്യം ചെയ്തു. ബിജെപി സര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡ് ആക്ഷേപകരമായ രംഗങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം, ഇതില്‍ രാഷ്ട്രീയം ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.ആരുടെയും മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ നീക്കം ചെയ്യണം, ഏത് നിറത്തെയും അപമാനിക്കുന്നത് ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും കാവി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഐഡന്റിറ്റിയാണെന്നും സെന്‍സര്‍ ബോര്‍ഡ് ഉടന്‍ തന്നെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നും അവര്‍ പറഞ്ഞു.